ഹൈദരാബാദ്: ഹൈദരാബാദിൽ യുവ വെറ്റിനറി ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യത്ത് കനത്ത പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ വിവാദ സർക്കുലറുമായി തെലങ്കാന പോലീസ്. തെലങ്കാന പോലീസ് സ്ത്രീകളെ മാത്രം ഉപദേശിച്ചും നല്ലനടപ്പ് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുമാണ് സർക്കുലർ പുറത്തിറക്കിയത്.
സ്ത്രീകളും പെൺകുട്ടികളും യാത്രാവിവരങ്ങൾ നിർബന്ധമായും വീട്ടുകാരെ അറിയിക്കുക, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിൽക്കാതിരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് സർക്കുലറിലുളളത്. ഹൈദരാബാദ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കുലർ. ഇത് പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. സോഷ്യൽ മീഡിയയിലും കനത്ത പ്രതിഷേധമാണ് തെലങ്കാന പോലീസിന്റെ സർക്കുലറിനെതിരെ ഉയരുന്നത്. സ്ത്രീകളെ ഉപദേശിക്കുകയല്ലാതെ പുരുഷൻമാർക്കായി നിർദേശങ്ങളില്ലാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് പോലീസ് മറുപടി പറയണമെന്ന് സോഷ്യൽമീഡിയ ആവശ്യപ്പെടുന്നു.
അതേസമയം യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നൽകി. പത്ത് ദിവസത്തെ കസ്റ്റഡിയിൽ നാല് പ്രതികളെയും വിട്ടുകിട്ടണമെന്നാണ് ആവശ്യം. നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രതികളുള്ളത്. കുറ്റക്കാർക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകണമെന്ന ആവശ്യവുമായി ജനങ്ങൾ തെരുവുകളിൽ പ്രതിഷേധ പ്രകടനം തുടരുകയാണ്.
Discussion about this post