മുംബൈ: ഇന്ത്യയിലെ തന്നെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മഹാപ്രയാണം നടത്തി ഞെട്ടിച്ചിരിക്കുകയാണ് ഒരു കടുവ. കാടും മേടും ജനവാസകേന്ദ്രങ്ങളും കടന്ന് അഞ്ചുമാസംകൊണ്ട് 1,300 കിലോമീറ്ററാണ് ഈ കടുവ പിന്നിട്ടത്. മഹാരാഷ്ട്രയിലെ യവത്മാലിലുള്ള ടിപ്പേശ്വർ വന്യജീവിസങ്കേതത്തിൽനിന്ന് ജൂൺ 21-ന് പുറപ്പെട്ട കടുവയാണ് തെലങ്കാനയിലൂടെ കയറി ഇറങ്ങി കഴിഞ്ഞ ഞായറാഴ്ച മഹാരാഷ്ട്രയിലെ തന്നെ ബുൽധാനയിലുള്ള ധ്യാൻഗംഗ സങ്കേതത്തിൽ പ്രവേശിച്ചത്. ഒരു കടുവയുടേതായി രേഖപ്പെടുത്തപ്പെടുന്ന ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമേറിയ പ്രയാണമാണ് ടിഡബ്ല്യുഎൽഎസ്- ടിവൺ-സി വൺ എന്ന് പേരിട്ടിരിക്കുന്ന കടുവ നടത്തിയത്. സംരക്ഷിത വനമേഖല പിന്നിട്ടും കടുവ സഞ്ചരിക്കുന്നുണ്ട് എന്നു വ്യക്തമായ സാഹചര്യത്തിൽ കടുവസംരക്ഷണപ്രവർത്തനങ്ങൾ കടുവസങ്കേതങ്ങൾക്കു പുറത്തേക്കും വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ സീനിയർ ബയോളജിസ്റ്റ് ബിലാൽ ഹബീബ് പറയുന്നു.
മഹാരാഷ്ട്രയിലെയും തെലങ്കാനയിലെയും വനമേഖലകളും ഗ്രാമങ്ങളും റോഡുകളും പിന്നിട്ടു നടത്തിയ ഈ യാത്രയ്ക്കിടയിൽ കടുവ സ്ഥിരമായി എവിടേയും തങ്ങിയിട്ടില്ല. നാല് ദിവസം വരെയാണ് ഒരു സ്ഥലത്ത് പരമാവധി തമ്പടിച്ചത്. ഇതിനിടയ്ക്ക് ഒരിക്കൽ പോലും ജനങ്ങളുമായി ഏറ്റുമുട്ടുകയും ചെയ്തില്ല. 2016-ൽ ടിപ്പേശ്വറിലാണ് ഈ ആൺകടുവയും രണ്ടു സഹോദരങ്ങളും ജനിച്ചതെന്നാണ് വിവരം. ഈ വർഷമാദ്യം അമ്മയിൽനിന്ന് വേർപെട്ട കടുവയ്ക്ക് ഫെബ്രുവരി 27-ന് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വിദഗ്ധർ റേഡിയോ കോളർ ഘടിപ്പിച്ചത്. ഇതിന്റെ സഹായത്തോടെയാണ് കടുവയുടെ സഞ്ചാരം നിരീക്ഷിച്ചത്. ടിപ്പേശ്വർ സങ്കേതത്തിന്റെ വിവിധഭാഗങ്ങളിൽ കറങ്ങിനടന്നശേഷം പാണ്ഡർകാവ്ഡയിലൂടെ തെലങ്കാനയിലേക്ക് കടന്നാണ് കടുവ തന്റെ യാത്ര ആരംഭിച്ചത്.
നേർരേഖയിൽ നടക്കുന്നതിനുപകരം ചുറ്റിക്കറങ്ങിയും തിരിച്ചുനടന്നും വീണ്ടും മുന്നോട്ടുപോയുമായിരുന്നു സഞ്ചാരം. ആറു ജില്ലകളിലെ നൂറുകണക്കിനു ഗ്രാമങ്ങളും കൃഷിയിടങ്ങളുംവഴി കറങ്ങുകയും കാലികളെ കൊന്നുതിന്നുകയും ചെയ്തു. എങ്കിലും മനുഷ്യരെ ഉപദ്രവിച്ചില്ല. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിൽവെച്ച് നാട്ടുകാരുമായി മുഖാമുഖം വന്നെങ്കിലും കടുവ കടന്നതോടെ അനിഷ്ട സംഭവങ്ങളുണ്ടായില്ല. 40 വർഷത്തിനിടെ ആദ്യമായാണ് ഹിംഗോളിയിൽ ഒരു കടുവയെ കാണുന്നത്. ഏറ്റവുമൊടുവിൽ എത്തിച്ചേർന്ന ധ്യാൻഗംഗ സങ്കേതത്തിലും ആദ്യമായാണ് കടുവയെ കാണുന്നത്. കൂട്ടിന് ഇണയെത്തേടിയാണ് ആൺ കടുവ ഇത്രദൂരം സഞ്ചരിച്ചതെന്നാണു കരുതുന്നത്.
Discussion about this post