വാഷിങ്ടൺ: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായിരുന്ന ചാന്ദ്രയാൻ -2വിന്റെ ഭാഗമായിരുന്ന വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയതിന് പിന്നിൽ ഇന്ത്യൻ വംശജൻ. ഷൺമുഖം സുബ്രമണ്യൻ എന്നയാളാണ് വിക്രംലാൻഡറിന്റെ അവശിഷ്ടങ്ങൾ ചിത്രങ്ങളിൽ നിന്നും തിരിച്ചറിഞ്ഞത്. ചന്ദ്രന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്തു നിന്ന് 700 മീറ്റർ കിഴക്കു-പടിഞ്ഞാറ് മാറിയാണ് ലാൻഡറിന്റെ അവശിഷ്ടങ്ങൾ നാസ കണ്ടെത്തിയിരിക്കുന്നത്. ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ കേവലം 500 മീറ്റർ മാത്രം ബാക്കിയിരിക്കെ ബംഗളൂരു പീനിയയിലെ ഇസ്രോയുടെ ടെലി ട്രാക്കിങ് ആൻഡ് കമാൻഡിങ് സെന്ററുമായി ബന്ധം അറ്റ വിക്രം ലാൻഡർ എവിടെയെന്ന ചോദ്യത്തിന് നാസയുടെ ലൂണാർ റക്കനൈസൻസ് ഓർബിറ്റർ പകർത്തിയ ഈ ചിത്രങ്ങൾ മറുപടി നൽകുകയായിരുന്നു.
പച്ച നിറത്തിൽ കാണുന്നതാണ് ലാൻഡർ അവശിഷ്ടങ്ങൾ. ഇടിച്ചിറങ്ങിയതിനെ തുടർന്ന് ഇളകി മാറിയ ചന്ദ്രോപരിതലമാണ് നീല നിറത്തിൽ കാണുന്നത്. നാസയുടെ എൽ ആർ ഓർബിറ്റർ പകർത്തിയ വിവിധ സമയങ്ങളിലെ ഫോട്ടോകൾ താരതമ്യം ചെയ്താണ് വിക്രം ലാൻഡറിനെ കണ്ടെത്തിയത്. എൽ ആർ ഓർബിറ്റർ പകർത്തിയ ഫോട്ടോകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ സൂക്ഷ്മ പഠനങ്ങൾക്ക് വിധേയമാക്കിയിരുന്നു. ആ കൂട്ടത്തിൽപെട്ട ഷൺമുഖം സുബ്രമണ്യൻ എന്നയാൾ സോഫ്റ്റ് ലാന്ഡിങ്ങിന് മുൻപും ശേഷവും ഉള്ള ഫോട്ടോകളിൽ വ്യത്യാസം ഉണ്ടെന്നു നാസയെ അറിയിക്കുക ആയിരുന്നു. തുടർന്നു നാസയുടെ ശാസ്ത്രജ്ഞർ ഫോട്ടോകൾ കൂടുതൽ വിശകലങ്ങൾക്കു വിധേയമാക്കിയപ്പോഴായാണ് ഒളിഞ്ഞു കിടന്നിരുന്ന ലാൻഡറിനെ കണ്ടെത്തിയത്.
പ്രവർത്തന കാലാവധി കഴിഞ്ഞതിനാൽ ലാൻഡറിനെ വീണ്ടെടുക്കാൻ ആവില്ല. എങ്കിലും പരാജയ കാരണം കണ്ടെത്താനുള്ള പരിശോധനകൾക്കു ഈ ഫോട്ടോകൾ സഹായകരമാകും.
Discussion about this post