ചെന്നൈ: തമിഴ്‌നാട്ടില്‍ വരുന്ന 24 മണിക്കൂര്‍ കൂടി അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ഇപ്പോഴും ഒരു ശമനമില്ലാതെ പെയ്തിറങ്ങുകയാണ്. മഴക്കെടുതിയില്‍ ഇതുവരെ 25 ജീവനുകളാണ് പൊലിഞ്ഞത്. അതിശക്തമായ മഴയുണ്ടെന്ന മുന്നറിയിപ്പിനെ അടിസ്ഥാനപ്പെടുത്തി ആറു ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
തീരമേഖലയിലെ ആറ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കുന്നത്. ഇതോടെ തമിഴ് മക്കള്‍ ഓരോ നിമിഷവും ഭീതിയോടെയാണ് തള്ളി നീക്കുന്നത്. മഴക്കെടുതിയെ തുടര്‍ന്ന് രണ്ടായിരത്തോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
അതേസമയം, ചെന്നൈയില്‍ ഉള്‍പ്പടെ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. വെള്ളക്കെട്ട് താഴ്ന്ന് തുടങ്ങിയതിനാല്‍ നഗര മേഖലയില്‍ ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. മഴക്കെടുതിയില്‍ 17 പേര്‍ മരിച്ച മേട്ടുപ്പാളയം ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി സന്ദര്‍ശിക്കും. തഞ്ചാവൂരിലും നീലഗിരിയിലും ഉള്‍പ്പെടെ വ്യാപക കൃഷി നാശമാണ് ഉണ്ടായത്. കേന്ദ്ര ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഉടന്‍ കേന്ദ്രത്തിന് നിവേദനം നല്‍കുമെന്നാണ് വിവരം.
Discussion about this post