ന്യൂഡൽഹി: നരേന്ദ്ര മോഡി സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ സ്വപ്നങ്ങളോട് രാജ്യം മുഖം തിരിക്കുന്നതായി കണക്കുകൾ. ഇടപാടുകൾ എല്ലാം ഡിജിറ്റലാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾ എല്ലാം ജലരേഖകളാകുന്നു എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കണക്കുകൾ തെളിയിക്കുന്നത്. രാജ്യത്തെ ഇടപാടുകൾക്ക് ഇപ്പോഴും ഭൂരിപക്ഷം ആളുകളും പണം തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഇലക്ട്രോണിക് പേമെന്റ് പ്രോസസിംഗ് സ്ഥാപനമായ വേൾഡ്ലൈൻ ഇന്ത്യയുടെ ഇന്ത്യ ഡിജിറ്റൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജനങ്ങൾ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ കൂടുതലായും ഉപയോഗിക്കുന്നത് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനാണെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.
ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ ഇടപാടുകൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അസംഘടിത മേഖലയിലെ ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ പണ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നു, സമ്പാദ്യം പണമായി തന്നെ സൂക്ഷിക്കാൻ ജനങ്ങളും ശ്രമിക്കുന്നു, ചെറുകിട കച്ചവടക്കാർക്ക് സാമ്പത്തിക വിജ്ഞാനം ഇല്ലാത്തത്, ഡിജിറ്റൽ ഇടപാടുകളുടെ അടിസ്ഥാന സൗകര്യത്തിന് വേണ്ടി ചിലവഴിക്കേണ്ടി വരുന്ന ഉയർന്ന തുക തുടങ്ങിയവയാണ് ‘ഡിജിറ്റൽ ഇന്ത്യയ്ക്ക്’ തടസമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നിതിന് 2020 ജനുവരി ഒന്ന് മുതൽ വലിയ നിക്ഷേപ പദ്ധതികൾ തുടങ്ങാനിരിക്കെ ഇന്ത്യയുടെ ഡിജിറ്റൽ ഭാവിക്ക് കരുത്ത് കൂടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്നാം തരം നഗരങ്ങളിലും അതിന് താഴെയുള്ള ഇടങ്ങളിലും 90 ശതമാനം ഇടപാടുകളും ഇപ്പോഴും പണം ഉപയോഗിച്ച് തന്നെയാണ് നടക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Discussion about this post