തെലങ്കാന: തെലങ്കാനയെ നടുക്കിയ ഒന്നാണ് വെറ്റിനറി ഡോക്ടറുടെ മൃഗീയ കൊലപാതകം. ഈ പശ്ചാത്തലത്തില്‍ പുതിയ ഉത്തരവുമായി രംഗത്ത് വന്നിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. ഇനി മുതല്‍ സ്ത്രീകളെ രാത്രി ഷിഫ്റ്റില്‍ ജോലിക്കിടരുതെന്ന നിര്‍ദേശമാണ് ചന്ദ്രശേഖര റാവു മുന്പോട്ട് വെച്ചിരിക്കുന്നത്.
തെലങ്കാന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലാണ് രാത്രി ഷിഫ്റ്റില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്രൂരകൃത്യം നടത്തിയവരെ മനുഷ്യവര്‍ഗത്തില്‍ കൂട്ടാന്‍ പറ്റില്ലെന്നും അവര്‍ മൃഗങ്ങളെക്കാള്‍ കഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടുക്കുന്ന ഈ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ഉത്തരവെന്നും അദ്ദേഹം എടുത്ത് പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിയുടെ ഈ ഉത്തരവിനെതിരെ സ്ത്രീ ജീവനക്കാര്‍ രംഗത്ത് വന്നിട്ടുണ്ട്. രാത്രി ഷിഫ്റ്റുകളില്‍ നിന്നൊഴിവാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ കുറയ്ക്കുമെന്നും മതിയായ സുരക്ഷ ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും ഐടി രംഗത്തെ സ്ത്രീകള്‍ പറയുന്നു. തെലങ്കാനയില്‍ നിന്നാരംഭിച്ച പ്രതിഷേധം രാജ്യമെങ്ങും വ്യാപിച്ചതോടെയാണ് സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം മുഖ്യമന്ത്രി ഔദ്യോഗിക പ്രതികരണം നടത്തിയത്.
പ്രതികളുടെ വിചാരണയ്ക്കായി അതിവേഗ കോടതി ഉടന്‍ സ്ഥാപിക്കുമെന്നും തക്കതായ ശിക്ഷ നല്‍കുമെന്നും നീതി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post