റാഞ്ചി: ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചയായി നേതാവും പാർട്ടി വക്താവുമായ പ്രവീൺ പ്രഭാകർ പാർട്ടി വിട്ടു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ നാഷണലിസ്റ്റ് പീപ്പിൾസ് പാർട്ടിയിലാണ് പ്രവീൺ ചേക്കേറിയത്. തെരഞ്ഞെടുപ്പിലെ പാർട്ടി ടിക്കറ്റുമായി ബന്ധപ്പെട്ട അതൃപ്തിയാണ് പാർട്ടി വിടാൻ കാരണം. ഈ മാസം 20ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നള നിയോജക മണ്ഡലത്തിൽ നിന്ന് പ്രവീൺ പ്രഭാകർ ജനവിധി തേടുമെന്നും പ്രഖ്യാപിച്ച് കഴിഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷമായി ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പ്രവീൺ പ്രഭാകർ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്റെ(എജെഎസ്യു) സ്ഥാപക അംഗം കൂടിയാണ്. 2014ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എജെഎസ്യു ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. എന്നാൽ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയിൽ നിന്നും ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായിൽ നിന്നും ധാരാളം കാര്യങ്ങൾ പഠിച്ചെന്നും എന്നാൽ ജാർഖണ്ഡിൽ ബിജെപി ആത്മ പരിശോധന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവീൺ പ്രഭാകർ പാർട്ടി പ്രവേശനത്തോടെ ജാർഖണ്ഡിലും മറ്റ് സംസ്ഥാനങ്ങളിലേക്കും പാർട്ടിയുടെ വളർച്ച സാധ്യമാവുമെന്ന് കോൺറാഡ് സാങ്മ പ്രത്യാശ പ്രകടിപ്പിച്ചു.