ന്യൂഡല്‍ഹി: ഹൈദരാബാദില്‍ യുവ വെറ്റിനറി ഡോക്ടര്‍ ബാലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തില്‍ നീതി ലഭിക്കാന്‍ തങ്ങളെ പോലെ ഏഴു വര്‍ഷം കാത്തിരിക്കേണ്ടി വരരുതെന്ന് നിര്‍ഭയയുടെ അമ്മ. എഎന്‍ഐക്ക് നല്കിയ അഭിമുഖത്തിലാണ് നിര്‍ഭയയുടെ അമ്മ ആശ ദേവി ഇത്തരത്തില്‍ പ്രതികരിച്ചത്. ‘പ്രാകൃതം’ എന്നാണ് ഈ ക്രൂരമായ കൊലപാതകത്തെ ആശ ദേവി വിശേഷിപ്പിച്ചത്.
‘മറ്റൊരു യുവതി, അതും ഇരുപതുകളില്‍ മാത്രം പ്രായമുള്ളവള്. അവള്‍ക്ക് അതിവേഗം നീതി ലഭിക്കണം. ഞങ്ങള്‍ക്ക് സംഭവിച്ച പോലെ ഏഴ് വര്‍ഷം നീതിക്കായി പൊരുതേണ്ടി വരരുത്’ എന്നാണ് ആശാ ദേവി എഎന്‍ഐയോട് പറഞ്ഞത്. അതേസമയം നിര്‍ഭയ കേസിലെ പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹര്‍ജി എതിര്‍ത്ത ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തെ ആശ ദേവി സ്വാഗതം ചെയ്തു.
വെറ്റിനറി ഡോക്ടര്‍ അതിദാരുണമായി കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രത്യേക അതിവേഗ കോടതി ഇതിനായി സ്ഥാപിക്കും എന്നാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചത്.
തെലങ്കാനയിലെ ഷംഷാബാദില്‍ ബുധനാഴ്ച രാത്രിയാണ് 26-കാരിയായ മൃഗഡോക്ടറെ നാല് ലോറി തൊഴിലാളികള്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ച് ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിലെ ചതന്‍പള്ളിയിലെ ഒരു കലുങ്കിനടിയില്‍ തള്ളുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. രാജ്യമൊട്ടാകെ സംഭവത്തില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്.
Asha Devi, mother of 2012 Delhi rape & murder victim: Rape and murder of woman veterinarian was barbaric. Unlike us who had to fight for 7 years, she should get justice soon. The administration should reflect on why such incidents re-occur. pic.twitter.com/ULKGJNDOMq
— ANI (@ANI) December 2, 2019