ചെന്നൈ: തെലങ്കാനയിൽ വെറ്റിനറി ഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ നാല് പ്രതികളേയും ഡിസംബർ 31- ന് മുമ്പ് തൂക്കിലേറ്റണമെന്ന് എഐഎഡിഎംകെ രാജ്യസഭാ എംപി വിജില സത്യനാഥ്. സ്ത്രീകൾക്കും കുട്ടികൾക്കും രാജ്യം സുരക്ഷിതമല്ലെന്നും കേസിൽ അതിവേഗ കോടതി സ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണെന്നും വികാരാധീനയായി വിജില സത്യനാഥ് പറഞ്ഞു.
തെലങ്കാനയിലെ ഷംഷാബാദിൽ ബുധനാഴ്ച രാത്രിയാണ് 26-കാരിയായ മൃഗഡോക്ടറെ നാല് ലോറി തൊഴിലാളികൾ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ച് ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിലെ ചതൻപള്ളിയിലെ ഒരു കലുങ്കിനടിയിൽ തള്ളുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. രാജ്യമൊട്ടാകെ സംഭവത്തിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്.
കേസിൽ നാല് പേരെയാണ് സൈബരാബാദ് പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീൻ, ചിന്താകുന്ത ചെന്നകേശവാലു എന്നിവരാണ് പ്രതികൾ. ഡ്രൈവറായി ജോലി ചെയ്യുന്ന മുഹമ്മദ് ആരിഫാ(25)ണ് കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് പറഞ്ഞു.
Discussion about this post