തെലങ്കാന: തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയില്ലെന്ന് ആരോപിച്ച് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോള്‍ ക്രൂരത നടത്തിയ പ്രതിയുടെ അമ്മയും ചിലത് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ മകന് എന്ത് ശിക്ഷ വേണമെങ്കിലും നല്‍കാമെന്ന് പ്രതിയായ ചന്നകേശവുലുവിന്റെ അമ്മ പറയുന്നു. താനും ഒരു പെണ്‍കുട്ടിയുടെ അമ്മയാണെന്നും അമ്മ നിറകണ്ണുകളോടെ പറഞ്ഞു. അവന് പരമാവധി ശിക്ഷ നല്‍കണമെന്നും ഇവര്‍ അപേക്ഷിച്ചു.
കേസിലെ മറ്റൊരുപ്രതിയായ ശിവയുടെ അമ്മയും മകന് കടുത്ത ശിക്ഷ നല്‍കണമെന്ന നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. കേസില്‍ നീതി നടപ്പാക്കാതെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും പ്രദേശത്തേക്ക് വരേണ്ടെന്ന നിലപാടിലാണ് കൊല്ലപ്പെട്ട ഡോക്ടറുടെ നാട്ടുകാര്‍. കുടുംബം താമസിക്കുന്ന ഹൗസിങ് കോളനിയുടെ പ്രധാന കവാടവും നാട്ടുകാര്‍ കഴിഞ്ഞ ദിനസം അടച്ചിരുന്നു. സഹതാപമല്ല ഇപ്പോള്‍ ആവശ്യം നീതിയാണ് എന്ന പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് നാട്ടുകാരുടെ പ്രതിഷേധം.
സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംഭവത്തെക്കുറിച്ച് പ്രതികരിക്കാത്തതിലും ജനങ്ങളില്‍ അതൃപ്തി ഉയര്‍ന്നിട്ടുണ്ട്. വെറ്ററിനറി ഡോക്ടറായ യുവതിയെ ബുധനാഴ്ച രാത്രിയോടെയാണ് നാലംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ്-ബംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.