ബാംഗ്ലൂര്‍: പേരക്കുട്ടി പെണ്‍കുഞ്ഞായതില്‍ ക്ഷുഭിതയായ മുത്തശ്ശി 7 ദിവസം പ്രായമായ കുഞ്ഞിനെ വീടിന്റെ ടെറസില്‍ നിന്ന് എറിഞ്ഞ് കൊന്നു. ബംഗളൂരുവിലെ മ്യാതരഹള്ളിയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
മുത്തശ്ശി പരമേശ്വരിയെ കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിച്ച് അമ്മ തമിഴ്‌ശെല്‍വി ബാത്ത്‌റൂമില്‍ പോയപ്പോഴായിരുന്നു മുത്തശ്ശി കുഞ്ഞിനെ ടെറസില്‍ നിന്ന് താഴെക്ക് എറിഞ്ഞത്. അമ്മ തിരികേ എത്തി കുട്ടിയെ അന്വേഷിച്ചപ്പോള്‍ അപരിചിതരായ ആളുകള്‍ വീട്ടിനകത്ത് കയറി കുഞ്ഞിനെ ബലമായി പിടിച്ചുകൊണ്ടുപോയെന്നായിരുന്നു മുത്തശ്ശി പറഞ്ഞത്.
തുടര്‍ന്ന് പോലീസിനെ അറിയിക്കുകയും, പോലീസ് നടത്തിയ അന്വേഷണത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ കുട്ടിയുടെ മൃതദേഹം വീടിനു സമീപത്തുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്ന് ലഭിക്കുകയും ചെയ്തു. മുത്തശ്ശി പരമേശ്വരിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത തോന്നിയ പോലീസ് അവരെ ചോദ്യം ചെയ്തപ്പോഴാണ് സത്യം അറിഞ്ഞത്.
സംഭവത്തേക്ക് കുറിച്ച് പോലീസ് പറയുന്നത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മാസം തികയാതെയാണ് കുഞ്ഞ് ജനിച്ചത്. കുട്ടി പെണ്ണായതിനെ തുടര്‍ന്ന് കുഞ്ഞിന്റെ സമീപത്ത് ഇരിക്കാന്‍ പോലും പരമേശ്വരിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇതിനിടെ തമിഴ്‌ശെല്‍വി സമീപത്തില്ലാതിരുന്ന അവസരത്തില്‍ ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പരമേശ്വരി കുറ്റം സമ്മതിച്ചു.