പുനെ: മലിനജലം ഒഴുക്കുന്നതിനായി നിര്‍മ്മിച്ച കുഴിയില്‍ അബദ്ധത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ അഗ്‌നിശമന സേനാംഗത്തിന് ദാരുണാന്ത്യം. കുഴിയില്‍ അകപ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി. കുട്ടിയെയും ബാക്കിയുള്ളവരെയും രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു.
പുനെയിലെ ദാപോഡിയില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. മലിനജലം ഒഴുക്കുന്നതിനായി വലിയ പൈപ്പ് സ്ഥാപിക്കുന്നതിന് നിര്‍മ്മിച്ച കാനയിലാണ് അപകടമുണ്ടായത്. 15 അടിയോളം ആഴമുള്ള കുഴിയിലാണ് ഇവര്‍ അകപ്പെട്ടത്.
അബദ്ധത്തില്‍ കുഴിയില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താന്‍ കുഴിയിലിറങ്ങിയ രണ്ടുപേര്‍ കൂടി കുഴിയില്‍ അകപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ട് അഗ്‌നിശമന സേനാംഗങ്ങളും കുഴിയില്‍പെടുകയായിരുന്നു.
തുടര്‍ന്ന് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. കുഴിക്കു സമീപത്തെ കൂടുതല്‍ മണ്ണ് നീക്കുകയും ക്രെയിന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് കുഴിയില്‍പ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. മറ്റു രണ്ടുപേരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പത്ത് അഗ്‌നിരക്ഷാസേനാ വിഭാഗങ്ങളും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ട്.
Discussion about this post