മുംബൈ: മഹാരാഷ്ട്ര സ്പീക്കർ തെരഞ്ഞെടുപ്പിലും ബിജെപിയുടെ നിസഹകരണം. സ്പീക്കർ തെരഞ്ഞെടുപ്പിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയെ പിൻവലിച്ചതോടെ മഹാവികാസ് അഖാഡി സഖ്യ സ്ഥാനാർത്ഥി നാനാ പട്ടോളെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുൻ ബിജെപി എംപിയും നിലവിൽ കോൺഗ്രസ് എംഎൽഎയുമാണ് നാനാ പട്ടോളെ. കിസാൻ കാതോരെയെയായിരുന്നു ബിജെപി സ്പീക്കർ സ്ഥാനാർത്ഥിയായി അവതരിപ്പിച്ചിരുന്നത്. ഇന്ന് പതിനൊന്ന് മണിയോടെ നിയമസഭ ചേർന്ന് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിന് തൊട്ടുമുമ്പായി ബിജെപി സ്ഥാനാർത്ഥിയെ പിൻവലിക്കുകയായിരുന്നു.
കഴിഞ്ഞദിവസം വിശ്വാസവോട്ടെടുപ്പിനിടെ നടപടിക്രമങ്ങൾ അട്ടിമറിച്ചെന്നാരോപിച്ച് ബിജെപി സഭ ബഹിഷ്കരിച്ചിരുന്നു. വിദർഭ മേഖലയിലെ സകോളി മണ്ഡലത്തിൽ നിന്നാണ് നാനാ പട്ടോളെ ജയിച്ചത്. നാനാ പട്ടോളെയെ സ്പീക്കറാക്കിയതിന് പിന്നിൽ നിയമസഭയിൽ ബിജെപിയെ വരുതിയിൽ നിർത്തുക എന്ന ഉദ്ദേശ്യം കൂടിയുണ്ട് .
കോൺഗ്രസ്, എൻസിപി പാർട്ടികളിലെ പ്രധാന നേതാക്കളെല്ലാം പശ്ചിമ മഹാരാഷ്ട്രയിൽനിന്നോ, മറാഠ വിഭാഗത്തിൽ നിന്നോ ഉള്ളവരാണ്. നാനാ പട്ടോളെയാകട്ടെ ഒബിസി വിഭാഗത്തിൽപ്പെട്ട കുൻബി വിഭാഗക്കാരനും. ത്രികക്ഷി സഖ്യത്തിന് അധികം പ്രാതിനിധ്യമില്ലാത്ത വിദർഭ മേഖലയിൽനിന്നുള്ള വ്യക്തി കൂടിയാണ് പട്ടോളെ.
ബിജെപിയിൽ ചേരുന്നതിനു മുമ്പും പട്ടോളെ കോൺഗ്രസ് നേതാവായിരുന്നു. കർഷകസംഘടനാ നേതാവായിരിക്കെ 2009-ൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറി. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭണ്ഡാര-ഗോണ്ഡിയ മണ്ഡലത്തിൽ എൻസിപിയുടെ ശക്തനായ മുൻകേന്ദ്രമന്ത്രി പ്രഫുൽ പട്ടേലിനെ തോൽപ്പിച്ചാണ് എംപിയായത്.
എന്നാൽ, പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി പിണങ്ങി അദ്ദേഹം വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചുവന്നു. 2019-ൽ നാഗ്പുരിൽ നിതിൻ ഗഡ്കരിക്കെതിരെ മത്സരിച്ച് തോറ്റു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സകോളി നിയമസഭാ മണ്ഡലത്തിൽ മന്ത്രി പരിണയ് ഫുകെയെയാണ് തോൽപ്പിച്ചത്.
Discussion about this post