മുംബൈ: രാജ്യം മോശമായ സാമ്പത്തിക സാഹചര്യങ്ങളിൽ നിന്നും മുന്നേറി തുടങ്ങുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നയപരമായ മരവിപ്പിൽ നിന്ന് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ മുക്തമാവുകയാണ്. 2014-ന് മുമ്പുള്ള അഴിമതിയും കുംഭകോണവുമുള്ള നിറഞ്ഞ ഘട്ടത്തിൽ നിന്ന് കരുത്താർന്ന ഒരു ഘട്ടത്തിലേക്കെത്തിയിരിക്കുന്നു. 2014 മുതലുള്ള നരേന്ദ്ര മോഡി സർക്കാരിന്റെ സുതാര്യവും നിർണ്ണായകവുമായ തീരുമാനങ്ങളാണ് ഇതിലേക്കെത്തിച്ചതെന്നും ഷാ പറഞ്ഞു.
നിലവിലെ സാമ്പത്തിക വേഗത കുറവ് ഒരു താത്കാലിക ഘട്ടം മാത്രമാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 60 ശതമാനം സംഭാവന ചെയ്യുന്ന വ്യവസായിക മേഖല 2024 ഓടെ ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാകും. മോഡി സർക്കാരിന്റെ ഈ ദർശനവുമായി ഇക്കാര്യം ചേർന്ന് നിൽക്കുമെന്നും അമിത് ഷാ പറഞ്ഞു. നിലവിലുള്ള സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും വിപണിയും വ്യവസായവും പിടിച്ച് നിൽക്കുമെന്നും അദ്ദേഹം മുംബൈയിൽ നടന്ന എക്കണോമിക് ടൈംസിന്റെ കോർപ്പറേറ്റ് എക്സലൻസ് അവാർഡ് ചടങ്ങിൽ വെച്ച് പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാ വെല്ലുവിളികളേയും സജീവമായി നേരിടാൻ സർക്കാർ ഇവരുടെ പിന്നിൽ ഉറച്ച് നിൽക്കുകയാണെന്നും ഷാ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷങ്ങൾ സമ്പദ് വ്യവസ്ഥയുടെ വിഷാംശം ഇല്ലാതാക്കുന്ന ഘട്ടമായിരുന്നു, എന്നാൽ അടുത്ത അഞ്ച് വർഷത്തിൽ ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥകളിലൊന്നായി മാറ്റുന്നതിനുള്ള പരിഷ്കരണ പരമ്പരയ്ക്കുള്ള സമയമായിരിക്കും എന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വലിയ വിപണികാരണം നിലവിൽ തന്നെ ഇന്ത്യ ആഗോള കമ്പനികളുടെ ലക്ഷ്യസ്ഥാനമാണ്. വിദേശ നിക്ഷേപം ഇന്ന് റെക്കോർഡ് തലത്തിലാണ്. സെൻസക്സും നിഫ്റ്റിയും വരെ എല്ലാ റെക്കോർഡുകളും ഭേദിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
Discussion about this post