ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ ഭയപ്പെടുന്നുവെന്ന വിമര്‍ശനവുമായി പ്രമുഖ വ്യവസായി രഹുല്‍ ബജാജ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വേദിയിലിരുത്തികൊണ്ടായിരുന്നു അദ്ദേഹം വിമര്‍ശനം തൊടുത്തത്. വിമര്‍ശനം ശരിയായ രീതിയിലാണോ സര്‍ക്കാര്‍ ഉള്‍ക്കൊള്ളുകയെന്ന കാര്യത്തില്‍ തനിക്കുറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുംബൈയില്‍ നടന്ന ‘ദ ഇക്കണോമിക് ടൈംസ് ഇടി പുരസ്കാര ചടങ്ങില്‍ വെച്ചായിരുന്നു സര്‍ക്കാരിനെതിരെ വ്യവസായി വിമര്‍ശനം തൊടുത്തത്. അമിത് ഷായ്ക്ക് പുറമെ, കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരും വേദിയിലുണ്ടായിരുന്നു. ‘മന്മോഹന് സിങ് സര്‍ക്കാരിന്റെ കാലത്ത് ആരെവേണമെങ്കിലും അധിക്ഷേപിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ ഇന്ന് വ്യവസായികള്‍ക്കു പോലും മോഡി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കഴിയില്ല.’- രാഹുല്‍ പറയുന്നു.
എന്നാല്‍ ഈ വിമര്‍ശനത്തിന് അതേ വേദിയില്‍ തന്നെ മറുപടിയുമായി അമിത് ഷാ രംഗത്തെത്തി. ആരും ഭയക്കേണ്ട കാര്യമില്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി. മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെയെ ‘ദേശഭക്തന്’ എന്നു വിളിച്ച ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂറിനെക്കുറിച്ചും രാഹുല്‍ പരാമര്‍ശിച്ചു. ‘അവര്‍ ബിജെപിയുടെ പിന്തുണ നേടുന്നതില്‍ വിജയിച്ചു. ആരാണു ഗാന്ധിയെ വെടിവെച്ചതെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? എനിക്കറിയില്ല.’- രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇതിനും അമിത് ഷായ്ക്ക് മറുപടിയുണ്ടായിരുന്നു. പ്രജ്ഞയുടെ പ്രസ്താവനയെ തങ്ങള്‍ അപലപിക്കുന്നുവെന്നായിരുന്നു ഇതിന് ഷാ മറുപടി നല്കി.
Discussion about this post