ന്യൂഡല്‍ഹി: സിയാച്ചിനില്‍ മഞ്ഞു മലയിടിഞ്ഞ് വീണ് രണ്ടു സൈനികര്‍ മരിച്ചു. മൂന്ന് സൈനീകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൈനിക പെട്രോള്‍ സംഘത്തിനു മേല്‍ മഞ്ഞുമലയുടെ ഭാഗം ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.
അപകടത്തില്‍പ്പെട്ട സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് സിയാച്ചിനില്‍ മഞ്ഞ് മല ഇടിഞ്ഞു വീണ് അപകടം ഉണ്ടാകുന്നത്. കഴിഞ്ഞ ആഴ്ച മഞ്ഞുമല ഇടിഞ്ഞ് സിയാച്ചിന്‍ മേഖലയില്‍ നാലു സൈനികരും രണ്ട് ചുമട്ടുകാരും മരിച്ചിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സൈനിക മേഖലയാണ് സിയാച്ചിന്‍. സമുദ്രനിരപ്പില്‍ നിന്ന് ഇരുപതിനായിരത്തോളം അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1984 ല്‍ ഇന്ത്യ- പാക് യുദ്ധത്തെ തുടര്‍ന്നാണ് സിയാച്ചിനില്‍ സേനയെ വിന്യസിച്ചത്.
Discussion about this post