ന്യൂഡൽഹി: രാജ്യത്തെ ജിഡിപി കുത്തനെ ഇടിഞ്ഞതിനു പിന്നാലെ ബിജെപി സർക്കാരിനെ വിമർശിച്ച് സഖ്യകക്ഷികൾ. രാജ്യത്തിന്റെ ജിഡിപി വളർച്ചാ നിരക്ക് 5 ശതമാനത്തിൽ നിന്നും രണ്ടാം പാദത്തിൽ 4.5 ശതമാനത്തിലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് വിമർശനം ശക്തമായിരിക്കുന്നത്.
ആറ് വർഷത്തെ ഏറ്റവും മോശമായ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ ശിരോമണി അകാലിദളും ജെഡിയുവുമാണ് ബിജെപിക്കെതിരെ വിമർശനം ഉന്നയിച്ചത്. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ അപായ മുന്നറിയിപ്പ് നൽകി കഴിഞ്ഞുവെന്ന് ശിരോമണി അകാലിദൾ നേതാവ് നരേഷ് ഗുജ്‌റാൾ പറഞ്ഞു. തൊഴിലില്ലായ്മയും വളർച്ചാ നിരക്ക് കുറയുന്നതുമാണ് പ്രതിസന്ധിക്ക് കാരണമെന്നും ഉടൻ ഇടപ്പെടൽ നടത്തണമെന്നും ഗുജ്‌റാൾ ആവശ്യപ്പെട്ടു.
അതേസമയം, സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ചർച്ച ചെയ്യാൻ ബിജെപി യോഗങ്ങളൊന്നും വിളിച്ച് ചേർത്തിട്ടില്ലെന്നു ഗുജ്‌റാൾ കുറ്റപ്പെടുത്തി. സാമ്പത്തിക വളർച്ച കുറയുന്നതിൽ ആശങ്കയുണ്ടെന്ന് ജെഡിയു നേതാവ് കെസി ത്യാഗിയും പറഞ്ഞു. ആർബിഐ ഗവർണർമാർ നൽകുന്ന മുന്നറിയിപ്പ് കേന്ദ്രസർക്കാറിന് അവഗണിക്കാൻ കഴിയില്ല. പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുന്നതിൽ എതിർപ്പുണ്ടെന്നും ത്യാഗി പറഞ്ഞു.
അതേസമയം രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴുമ്പോഴും സമ്പദ്‌വ്യവസ്ഥയിൽ പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ആവർത്തിക്കുന്നതും ശ്രദ്ധേയമാണ്. ഇതിനിടെയാണ് സഖ്യകക്ഷികൾ പോലും ബിജെപിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post