മുംബൈ: ഗാന്ധി കുടുംബത്തിന്റെ സുരക്ഷ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി ശിവസേന. മുഖപത്രമായ സാമ്നയിലൂടെയാണ് സര്‍ക്കാര്‍ നടപടിയെ ശിവസേന വിമര്‍ശിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റേയും എസ്പിജി സുരക്ഷയാണ് കേന്ദ്രം എടുത്ത് കളഞ്ഞത്. ഈ നടപടിയെയാണ് ശിവസേന വിമര്‍ശിക്കുന്നത്.
മഹാരാഷ്ട്രയിലാണെങ്കിലും ഡല്‍ഹിയിലാണെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് അവര്‍ സുരക്ഷിതരാണെന്ന് തോന്നുന്ന അന്തരീക്ഷം ഉണ്ടാവുകയെന്നത് അനിവാര്യമാണെന്ന് മുഖപത്രം പറയുന്നുണ്ട്. അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും ശിവസേന വ്യക്തമാക്കി. ഇത്തരത്തില്‍ സുരക്ഷിതമായ ഒരു അന്തരീക്ഷം ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഗാന്ധി കുടുംബത്തിന്റെ സുരക്ഷ നീക്കം ചെയ്താല്‍ പോലും അത് പ്രശ്നമായിരുന്നില്ലെന്നും ശിവസേന പറഞ്ഞു.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റ് മന്ത്രിമാരും തങ്ങളുടെ സുരക്ഷ ഉപേക്ഷിക്കാന്‍ തയ്യാറല്ല, ബുള്ളറ്റ് പ്രൂഫ് കാറുകളുടെ പ്രാധാന്യം കൂടിവരുന്നു. ഇതിനര്‍ത്ഥം ഗാന്ധി കുടുംബത്തിന്റെ സുരക്ഷ നീക്കം ചെയ്തതില്‍ ഉയരുന്ന ആശങ്ക ശരിയാണെന്നാണ്. ഉപയോഗിച്ച കാറുകള്‍ അവരുടെ സുരക്ഷയ്ക്കായി അയയ്ക്കുന്നത് ആശങ്ക ഉയര്‍ത്തുന്ന കാര്യം തന്നെയാണ്. ഈ ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ട് എന്നതിനാല്‍ പ്രധാനമന്ത്രി ഈ വിഷയത്തില്‍ ഇടപെടണം. ഒരാള്‍ ഒരു വ്യക്തിയുടെ ജീവിതം വെച്ച് കളിക്കരുത്. ഗാന്ധി കുടുംബമല്ല മറ്റൊരാളായിരുന്നെങ്കില്‍ പോലും ഞങ്ങള്‍ ഇതേ നിലപാട് തന്നെ സ്വീകരിക്കുമായിരുന്നു”- എഡിറ്റോറിയലില്‍ പറയുന്നു.
Discussion about this post