ഉന്നാവോ: ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അവസ്ഥ അതീവ പരിതാപകരം. യാതൊരു യോഗ്യതയുമില്ലാത്തവരെയാണ് ഇവിടുത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരായി നിയമിച്ചിരിക്കുന്നത്. വായിക്കാന്‍ പോലും അറിയാത്ത അധ്യാപകര്‍ പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ ഉത്തര്‍പ്രദേശിലുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ രംഗത്തെ താഴ്ന്ന നിലവാരം തുറന്നുകാട്ടുന്ന വീഡിയോ പുറത്ത് വിട്ടത്. ഉന്നാവോ ജില്ലാ കലക്ടര്‍ ചൗര ഗവ.ജൂനിയര്‍ ഹൈസ്‌കൂളില്‍ നടത്തിയ മിന്നല്‍ സന്ദര്‍ശനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളോട് ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ വായിക്കാന്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്. കുട്ടികള്‍ക്ക് ഇംഗ്ലീഷ് വായിക്കാന്‍ സാധിച്ചില്ല. ഇതോടെ കുട്ടികള്‍ക്ക് പാഠപുസ്തകം വായിച്ചു കേള്‍പ്പിക്കാന്‍ ടീച്ചറോട് കലക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അധ്യാപികയ്ക്ക് വായിക്കാന്‍ സാധിച്ചില്ല. മറ്റൊരു ടീച്ചറോട് വായിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, താന്‍ കണ്ണട വീട്ടില്‍ വച്ച് മറന്നുപോയതിനാല്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
അതെസമയം യോഗ്യതയില്ലാത്ത അധ്യാപകരെ ഉടനെ തന്നെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കളക്ടര്‍ ഉത്തരവിട്ടു.