മുംബൈ: തുറസായ സ്ഥലത്ത് മലവിസര്‍ജനം നടത്തി വരുന്നത് പലയിടങ്ങളിലെയും പതിവു കാഴ്ചയാണ്. എത്ര ബോധവത്കരണം നടത്തിയാലും ഈ രീതി തുടരുന്നവരാണ് പലരും. ഇപ്പോള്‍ ഇതിനെ തടയാന്‍ പുതിയ നടപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു ഗ്രാമപഞ്ചായത്ത്. പൊതുസ്ഥലത്ത് ഇനി കാര്യം സാധിച്ചാല്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കാനാണ് തീരുമാനം. ജരാണ്ടി ഗ്രാമപഞ്ചായത്ത് അധികൃതരാണ് ഈ വ്യത്യസ്ത നടപടി കൈകൊണ്ടിരിക്കുന്നത്.
ഇതുകൂടാതെ പൊതുസ്ഥലത്ത് മലവിസര്‍ജ്ജനം നടത്തുന്നത് പുറത്തുകൊണ്ടുവരുന്നവര്‍ക്ക് നികുതി ഇളവ് നല്‍കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പൊതുസ്ഥലത്ത് മലവിസര്‍ജ്ജനം ചെയ്യുന്ന ചിത്രം മൊബൈലിലോ മറ്റോ ചിത്രീകരിച്ച് ഗ്രാമപഞ്ചായത്തിന് നല്‍കണമെന്ന നിര്‍ദേശവും മുന്‍പോട്ട് വെച്ചിട്ടുണ്ട്.
ഇവിടുത്തെ താമസക്കാരായ 5,000-ത്തിലധികം പേര്‍ക്ക് വീടുകളില്‍ ടോയ്‌ലെറ്റുകള്‍ ഉണ്ട്. ഈ വീടുകളില്‍ ജലവിതരണവുമുണ്ട്. എന്നാല്‍ ചിലര്‍ ഇപ്പോഴും തുറസ്സായ സ്ഥലങ്ങളിലാണ് മലമൂത്രവിസര്‍ജ്ജനം നടത്തുന്നത്. പ്രത്യേകിച്ച് റോഡരികുകളില്‍. ഇത് ഒഴിവാക്കാനാണ് കടുത്ത നടപടി പഞ്ചായത്ത് കൈകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗ്രാമസഭയിലാണ് നിര്‍ണ്ണായക തീരുമാനം അധികൃതര്‍ കൈക്കൊണ്ടതെന്ന് ഗ്രാമസേവക് സുനില്‍ മംഗ്രുലെ പറഞ്ഞു.