മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നിയമസഭയില്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് തേടുന്നത്. ഇതിനു മുന്നോടിയായി സര്‍ക്കാര്‍ പ്രത്യേകം യോഗം വിളിച്ചു ചേര്‍ക്കും.
അതേസമയം, മഹാരാഷ്ട്രയില്‍ ബിജെപി വീണ്ടും കുതിരക്കച്ചവടത്തിനു ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആരോപിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നതായും വേണുഗോപാല്‍ ആരോപിച്ചു. മഹാരാഷ്ട്രയുടെ പതിനെട്ടാമത് മുഖ്യമന്ത്രിയായി വ്യാഴാഴ്ചയാണ് ശിവസേന പ്രസിഡന്റായ ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തത്.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമാണ് താക്കറെ അധികാരമേറ്റത്. മുംബൈയിലെ ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഏറെ നാള് നീണ്ടു നിന്ന അനിശ്ചിതത്വത്തിനും കുതിരക്കച്ചവടത്തിനും ശേഷമാണ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലേറിയത്.