ഹൈദരാബാദ്: പൊതുപരിപാടിയില്‍ ക്ഷണിക്കാത്തതിന് പൊതുജനമധ്യത്തില്‍ വെച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചീത്ത വിളിച്ച് ആന്ധ്രാ സ്പീക്കര്‍ തമ്മിനേനി സീതാറാം. സാമൂഹ്യ പരിഷ്‌കര്‍ത്താവായ ജ്യോതിബാഫൂലെയുടെ 129-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് സ്വന്തം മണ്ഡലത്തില്‍ നടന്ന പരിപാടിയില്‍ ക്ഷണിക്കാത്തതാണ് സ്പീക്കറെ ക്ഷുഭിതനാക്കിയത്.
അമുദലവല്‍സ എംഎല്എ ആണ് തമ്മിനേനി സീതാറാം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് പൊതുപരിപാടി നടക്കുന്ന വിവരം സ്പീക്കറിന് ലഭിച്ചത്. തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പൊതുജനമധ്യത്തില്‍ വെച്ച് സ്പീക്കര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചത്.
സര്‍ക്കാര്‍ പരിപാടികളില്‍ ജനപ്രതിനിധികളെ ക്ഷണിക്കാന്‍ ഇനിയും വിട്ടുപോയാല്‍ അടിച്ച് ശരിയാക്കി കളയുമെന്നും സ്പീക്കര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. സ്പീക്കറെ സമാധാനിപ്പിക്കാനും കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാനും സംഘടകരായ പിന്നാക്ക ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. സ്വന്തം മണ്ഡലത്തിലെ പൊതുപരിപാടി അറിയിക്കാത്തതായിരുന്നു സ്പീക്കറെ കൂടുതലായും ചൊടിപ്പിച്ചത്.