മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ അവകാശവാദങ്ങളും കേന്ദ്രത്തിന് മുന്നറിയിപ്പും നൽകി ശിവസേന മുഖപത്രം സാമ്‌ന. സാമ്‌നയിലെ എഡിറ്റോറിയലിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും ഉദ്ധവ് താക്കറെയേയും സഹോദരങ്ങളെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി ഏതെങ്കിലും ഒരു പാർട്ടിയുടേതല്ലെന്നും രാജ്യത്തിന് മുഴുവൻ അവകാശപ്പെട്ടതാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ഇക്കാര്യം അംഗീകരിക്കുകയാണെങ്കിൽ തങ്ങളുടെ ചിന്താഗതി പിന്തുടരാത്തവരോട് എന്തിന് മനസിൽ ദേഷ്യം വെച്ചുപുലർത്തണമെന്നും സാമ്‌ന ചോദിക്കുന്നു. ഡൽഹി രാജ്യത്തിന്റെ തലസ്ഥാനമായിരിക്കാം. എന്നാൽ മഹാരാഷ്ട്രയും ബാലാസാഹേബിന്റെ മകനും ഡൽഹിയിലെ ദൈവങ്ങളുടെ അടിമ അയിരിക്കില്ലെന്നും സാമ്‌ന മുന്നറിയിപ്പ് നൽകി.
മഹാരാഷ്ട്രയിലെ സർക്കാർ ശക്തമായിരിക്കുമെന്നും ഛത്രപതി ശിവജി മഹാരാജ് മഹാരാഷ്ട്രയ്ക്ക് പകർന്നു നൽകിയ ആത്മാഭിമാനമാണ് പ്രധാനമെന്നും മുഖപ്രസംഗം അവകാശപ്പെടുന്നു. മഹാരാഷ്ട്ര വ്യവസായത്തിലൂടെയും നികുതിയിലൂടെയും സൃഷ്ടിക്കുന്ന സമ്പത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നതെന്നും മഹാരാഷ്ട്രയിൽ നിന്നുള്ള ജവാന്മാർ രാജ്യത്തിന് വേണ്ടി അതിർത്തിയിൽ ജീവൻ ബലികഴിക്കുന്നുവെന്നും സാമ്‌ന പറയുന്നു.