ബാംഗ്ലൂര്‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കും എച്ച്ഡി കുമാരസ്വാമിക്കുമെതിരെ രാജ്യദ്രോഹക്കേസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ സംഘടിപ്പിച്ച പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ്.
ബാംഗ്ലൂര്‍ സിസിഎച്ച് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൊമേഴ്‌സ്യല്‍ സ്ട്രീറ്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതുപ്രവര്‍ത്തകന്‍ എന്നവകാശപ്പെടുന്ന എ മല്ലികാര്‍ജുന്‍ എന്നയാളുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധത്തിന് ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റവും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്.
മുന്‍ മന്ത്രി ഡികെ ശിവകുമാര്‍, മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര, പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു, തുടങ്ങി 23 രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും മുന്‍ ബാംഗ്ലൂര്‍ പോലീസ് കമ്മീഷണര്‍ ടി സുനീല്‍ കുമാറടക്കം ഒമ്പത് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഇതേ പരാതിയില്‍ കേസെടുത്തിട്ടുണ്ട്.
ബാംഗ്ലൂര്‍ ആദായ നികുതി വകുപ്പ് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ആദായ നികുതി വകുപ്പ് ബിജെപിയുടെ ഏജന്റാണെന്ന തെറ്റായ ആരോപണം ഉന്നയിച്ചു, ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചു. തുടങ്ങിയ കാര്യങ്ങളാണ് പരാതിയില്‍ പറയുന്നത്.
ഇത്തരം രാജ്യദ്രോഹക്കുറ്റങ്ങള്‍ കണ്ടിട്ടും ബാംഗ്ലൂര്‍ പോലീസ് കമ്മീഷണറും മറ്റു ഉദ്യോഗസ്ഥരും ഇടപെട്ടില്ലെന്ന പരാതിയിലാണ് പോലീസുകാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Discussion about this post