ബംഗളൂരു: കുട്ടികളില്‍ വെള്ളം കുടിക്കുന്നത് കുറഞ്ഞുവരുന്ന സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷം മുതലാണ് സ്‌കൂളുകളില്‍ വാട്ടര്‍ ബെല്‍ പദ്ധതി നടപ്പിലാക്കിയത്. വെള്ളം കുടിക്കാതെ ഇരിക്കുന്നതിനാല്‍ കുട്ടികളില്‍ അസുഖങ്ങളും കൂടുന്നതായും കണ്ടെത്തി. ഇതെല്ലാം കണക്കിലെടുത്താണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ വാട്ടര്‍ ബെല്‍ പദ്ധതി നടപ്പിലാക്കിയത്. ഇപ്പോള്‍ കേരളത്തെ മാതൃകയാക്കി പ്രവര്‍ത്തിക്കുകയാണ് കര്‍ണാടകയും.
സംസ്ഥാനത്തിന്റെ പുതിയ ആശയമായ വാട്ടര്‍ ബെല്‍ പദ്ധതിയാണ് കര്‍ണാടയിലെ സ്‌കൂളുകളിലും നടപ്പിലാക്കുന്നത്. ഗദക് ജില്ലയിലെ നരേഗലിലുളള നാരായണ്‍പുര്‍ പ്രൈമറി സ്‌കൂളിലാണ് സംസ്ഥാനത്ത് ആദ്യമായി വാട്ടര്‍ ബെല്‍ പദ്ധതി നടപ്പിലാക്കിയത്. പിന്നീട് മൈസൂരിലെ ന്യൂ ടൈപ്പ് മോഡല്‍ സ്‌കൂളിലും പദ്ധതി നടപ്പിലാക്കി. വാട്ടര്‍ ബെല്‍ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളാണ് ഇവ. ഇതിന് മുമ്പ് ദക്ഷിണ കന്നട ജില്ലയിലെ സ്വകാര്യ സ്‌കൂള്‍ വാട്ടര്‍ ബെല്‍ പദ്ധതിയ്ക്ക് തുടക്കമിട്ടിരുന്നു.
ദിവസത്തില്‍ മൂന്ന് തവണയാണ് വാട്ടര്‍ ബെല്‍ അടിക്കുക. വേനല്‍ക്കാലത്ത് ഇത് നാല് തവണയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കര്‍ഷകരുടെയും ദിവസക്കൂലിക്കാരുടെയും മക്കളാണ് വിദ്യാര്‍ത്ഥികളില്‍ കൂടുതലും. ദിവസത്തില്‍ കൂടുതല്‍ സമയവും അവര്‍ സ്‌കൂളിലാണ് ചെലവഴിക്കുന്നത്. കുട്ടികള്‍ക്ക് ആരോഗ്യ പരിപാലനത്തില്‍ അവബോധം നല്‍കുക എന്നതും അധ്യാപകരുടെ ഉത്തരവാദിത്വമാണെന്നാണ് സ്‌കൂളിലെ ഒരു അധ്യാപികയുടെ അഭിപ്രായം.
കേരളത്തിലെ സ്‌കൂളുകളില്‍ വാട്ടര്‍ ബെല്‍ പദ്ധതി നടപ്പിലാക്കിയശേഷം കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയും വിദ്യാദ്യാസ മന്ത്രി എസ് സുരേഷ് കുമാറും പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിക്കുകയും സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വാട്ടര്‍ ബെല്‍ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
Discussion about this post