എൻസിപിയുടെ വിദ്യാർത്ഥി യൂണിയൻ നേതാവായ സോണിയ ദൂഹനാണ് ഇപ്പോൾ രാഷ്ട്രീയവൃത്തങ്ങൾക്ക് ഇടയിലെ താരം. മഹാരാഷ്ട്രയിലെ റിസോർട്ട് നാടകം അരങ്ങേറുന്ന വേളയിൽ സോണിയ നാല് എൻസിപി എംഎൽഎമാരെയാണ് ഹരിയാനയിലെ ഗുഡ്ഗാവിൽ നിന്നും പുറത്തെത്തിച്ചത്. നിർണായകമായ ഈ ഓപ്പറേഷനാണ് ബിജെപി സർക്കാരിനെ താഴെ വീഴ്ത്തിയതും ത്രികക്ഷി സഖ്യത്തെ ഭരണത്തിലേറ്റിയതും. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള ദി ഒബ്‌റോയ് ഹോട്ടലിൽ പാർപ്പിച്ചിരുന്ന ഈ എംഎൽഎമാരെ, വളരെ രഹസ്യമായി അവിടെ ചെന്നെത്തി, ബിജെപി നിയോഗിച്ച കാവലാൾപ്പടയെ വെട്ടിച്ച് സാഹസികമായി റാഞ്ചുകയായിരുന്നു സോണിയ. പിന്നെ എംഎൽഎമാരെ അവിടെ നിർത്തിയില്ല, നേരെ ന്യൂഡൽഹിയിലേക്ക് തിരിച്ചു.
ഡൽഹി-6 ജൻപഥിലുള്ള എൻസിപി പാർട്ടി ചീഫ് ശരദ് പവാറിന്റെ വസതിയിൽ എംഎൽഎമാരെ റാഞ്ചി എത്തിച്ചതത് ദ ക്വിന്റ് വെബ്‌സൈറ്റിനോട് സോണിയ വെളിപ്പെടുത്തി.
എൻസിപിയുടെ വിദ്യാർത്ഥി ഘടകം പ്രസിഡന്റായ 28കാരിയായ സോണിയയുടെ നീക്കങ്ങൾ സിനിമാകഥകളെ വെല്ലുന്നതായിരുന്നു. ഗുഡ്ഗാവ് സ്വദേശിയാണ് അവർ. അതുകൊണ്ടുതന്നെ തങ്ങളുടെ പാർട്ടിയിലെ ബാബാ സാഹേബ് പാട്ടീൽ, ദൗലത് ദരോദ, അനിൽ പാട്ടീൽ, നിതിൻ പവാർ, നരഹരി സിർവാൽ എന്നിങ്ങനെ അഞ്ച് എംഎൽഎമാരെ ബിജെപി റാഞ്ചിക്കൊണ്ടുപോയി പാർപ്പിച്ചിരിക്കുന്നത് ഗുഡ്ഗാവിലെ ദ ഒബ്‌റോയ് ഹോട്ടലിൽ ആണെന്നറിഞ്ഞപ്പോൾ, അവരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം എൻസിപിയിൽ നിന്നും സോണിയയിലേക്ക് വന്നുചേരുകയായിരുന്നു.
എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നത് ഗുഡ്ഗാവിലെ ഒബ്‌റോയിൽ ആണെന്നുറപ്പിച്ച ശേഷം, രണ്ട് ദിവസത്തെ പ്ലാനിങിനുശേഷമാണ് സോണിയ ദൗത്യത്തിന് ഇറങ്ങിയത്. വിദ്യാർത്ഥികളെ തന്നെയാണ് ആദ്യം തന്നെ സോണിയ നിരീക്ഷണത്തിനായി ഹോട്ടൽ പരിസരത്തേക്ക് പറഞ്ഞയച്ചത്. ബിജെപി പ്രവർത്തകർ പഞ്ചനക്ഷത്ര ഹോട്ടലിൽ ഷിഫ്റ്റുകളായി നിന്നായിരുന്നു എംഎൽഎമാരെ സൂക്ഷിച്ചിരുന്നത്.
ഹോട്ടൽ മാനേജ്‌മെന്റിലുള്ള സുഹൃത്തുക്കളെ ബന്ധപ്പെട്ട് സോണിയ ഹോട്ടലിന്റെ അഞ്ചാം നിലയിൽ 5109, 5110, 5112, 5113 എന്നീ മുറികളിലാണ് എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നതെന്ന് മനസിലാക്കി.
സോണിയയുടെ കീഴിൽ എൻസിപിയുടെ യുവഘടകത്തിന്റെ റെസ്‌ക്യൂ ടീം രണ്ടായി പിരിഞ്ഞ് ഹോട്ടലിലേക്ക് എംഎൽഎമാരെ ഇറക്കി കൊണ്ടുവരാനായി തിരിച്ചു. ഒരു ടീം സോണിയയും ധീരജ് ശർമ്മയുമായിരുന്നു ടീം ലീഡർമാർ. ഇരു ടീമിലും നൂറുവീതം അംഗങ്ങളുണ്ടായിരുന്നു. സോണിയയുടെ ടീമിൽ കുറച്ച് പെൺകുട്ടികളും ഉണ്ടായിരുന്നു. ഹോട്ടലിലേക്ക് കടന്നുചെന്ന അവർ, അവിടെ പല നിലകളിലായി മുറികൾ ബുക്ക് ചെയ്തു.
ഹോട്ടലിന്റെ ഒരു ബ്ലൂ പ്രിന്റ് സംഘടിപ്പിച്ച് ഹോട്ടൽ ജീവനക്കാർ മാത്രം ഉപയോഗിക്കുന്ന ചില വഴികൾ കണ്ടെത്തി. പ്രധാനപ്പെട്ട എല്ലാ എൻട്രിഎക്‌സിറ്റ് വാതിലുകളിലും ബിജെപിയുടെ കാവൽക്കാരുണ്ടായിരുന്നു. ബുക്ക് ചെയ്ത മുറികൾ കേന്ദ്രീകരിച്ചു കൊണ്ട് അവർ ബിജെപിക്കാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെ നിതിൻ പാട്ടീൽ എന്ന ആദ്യ എംഎൽഎയെ ഹസ്യമാർഗ്ഗത്തിലൂടെ പുറത്തെത്തിച്ചു. ബിജെപിക്കാരുടെ ശ്രദ്ധ തിരിച്ചുവിട്ടുകൊണ്ട് ആകെ ഒന്നോ രണ്ടോ മിനിറ്റിന്റെ ഇടവേള മാത്രമാണ് കിട്ടിക്കൊണ്ടിരുന്നത്. അതിനിടയിലായിരുന്നു ഈ സാഹസികമായ റാഞ്ചൽ നടന്നത്.
രാത്രി ഒമ്പതര പത്തുമണിയോടെ അവിടെ നിയോഗിക്കപ്പെട്ടിരുന്ന ബിജെപി ടീമിനു പകരം പുതിയ സെറ്റ് ആളുകൾ വന്ന് കാവലിന്റെ ഷിഫ്റ്റ് മാറുന്ന സമയമായി. അത് റെസ്‌ക്യൂ ടീമിന് 5-10 മിനിറ്റിന്റെ ഇടവേള നൽകി. ആ സമയം കൊണ്ട് അടുത്ത രണ്ട് എംഎൽഎമാരെ രക്ഷിച്ചെടുത്തു.
ഹോട്ടലിന്റെ പിൻഭാഗത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ നാലുപേരെ കയറ്റി വണ്ടി സ്റ്റാർട്ട് ചെയ്തതും, വിവരമറിഞ്ഞ് ബിജെപിയുടെ പ്രവർത്തകർ ഓടിയെത്തി. അവരെ വെട്ടിച്ച് ഏറെ സാഹസികമായി, ഗുഡ്ഗാവിലെ ഊടുവഴികളിലൂടെ വാഹനമോടിച്ച് ഡൽഹിയിലേക്ക് കയറുകയും നേരെ നമ്പർ 6 ജൻപഥിലുള്ള പവാറിന്റെ വസതിയിലേക്ക് എത്തിച്ചു സോണിയയും ടീമും.
പിന്നീട് പുലർച്ചെയുള്ള വിമാനത്തിൽ കയറ്റി മുംബൈയ്ക്ക് വിടുന്നതുവരെ എല്ലാം തന്നെ സോണിയ ദൂഹാൻ എന്ന ഈ എൻസിപി യുവനേതാവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു. ഇതോടെ യുവതുർക്കിയെന്നാണ് സോണിയയെ എൻസിപി വിശേഷിപ്പിക്കുന്നത്.
Discussion about this post