ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയെ വെടിവച്ച് കൊന്ന നാഥുറാം വിനായക് ഗോഡ്‌സെ ദേശഭക്തനാണെന്ന ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പരാമര്‍ശം അപലപനീയമെന്ന് ബിജെപി പ്രവര്‍ത്തനാദ്ധ്യക്ഷന്‍ ജെ പി നദ്ദ.
ഭരണതലങ്ങളില്‍ പ്രഗ്യക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും, ബിജെപി ഇത്തരം പരാമര്‍ശങ്ങളെ അനുകൂലിക്കുന്നില്ലെന്നും നദ്ദ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പ്രതിരോധ സമിതിയില്‍ നിന്ന് പ്രഗ്യയെ ഒഴിവാക്കി. കൂടാതെ പാര്‍ട്ടിയുടെ പാര്‍ലമെന്ററി സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും പ്രഗ്യയെ ഒഴിവാക്കിയിട്ടുണ്ട്.
ബുധനാഴ്ച എസ്പിജി നിയമഭേദഗതി ലോക്‌സഭ ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു പ്രഗ്യയുടെ വിവാദ പരാമര്‍ശം. ഡിഎംകെ എംപി എ രാജയുടെ പ്രസംഗത്തിന് ഇടയാണ് പ്രഗ്യാ സിംഗ് വിവാദ പരാമര്‍ശം നടത്തിയത്. എന്തുകൊണ്ട് ഗാന്ധിജിയെ കൊലപ്പെടുത്തി എന്നത് സംബന്ധിച്ച് ഗോഡ്സെ തന്നെ പറഞ്ഞ വാക്കുകള്‍ ഡിഎംകെ എംപി ഉദ്ധരിക്കവേയാണ് പ്രഗ്യ വിവാദ നിലപാട് ആവര്‍ത്തിച്ചത്.
പ്രഗ്യയുടെ പരാമര്‍ശത്തിന് എതിരെ പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തി. അതേസമയം, പ്രഗ്യയെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കാനായിരുന്നു ബിജെപി അംഗങ്ങളുടെ ശ്രമം. നേരത്തെയും ഗോഡ്സെയെ പുകഴ്ത്തി പ്രഗ്യാ രംഗത്ത് വന്നിട്ടുണ്ട്. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.
‘ഗോഡ്സെ രാജ്യസ്നേഹി ആയിരുന്നു, ആണ്, ആയിരിക്കും’ എന്നായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് പ്രഗ്യാ സിംഗ് അഭിപ്രായപ്പെട്ടത് ഗോഡ്സെ ഹിന്ദു തീവ്രവാദി ആണെന്ന, കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു പ്രഗ്യാസിംഗിന്റെ പ്രസ്താവന.