കോയമ്പത്തൂര്‍: ചികിത്സയ്ക്കായി കരുതിവെച്ച സമ്പാദ്യത്തിന് കടലാസ് കഷ്ണങ്ങളുടെ വിലപോലും ഇല്ലെന്ന് വൃദ്ധ സഹോദരിമാര്‍ അറിഞ്ഞത് വളരെ വൈകിയാണ്. ആരോഗ്യം ഇല്ലാതെ ഇരുന്നിട്ടും ചോരനീരാക്കി സ്വരുക്കൂട്ടിയ സമ്പാദ്യമാണ് ഇന്ന് ഇവര്‍ക്ക് തിരിച്ചടിയായത്. കാലമിത്രയും സൂക്ഷിച്ചിരുന്നത് നിരോധിച്ച 1000,500 ന്റെ നോട്ടുകളായിരുന്നു. ഇതോടെ ചങ്ക് തകര്‍ന്ന് നില്‍ക്കുകയാണ് ഇവര്‍.
കിടപ്പിലായാല്‍ ബന്ധുക്കളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാതിരിക്കുക, ഇനി മരണമാണ് വിധിച്ചതെങ്കില്‍ അവിടെയും ആര്‍ക്കും ഭാരമാകാതെ മരണാനന്തര ക്രിയകള്‍ക്ക് പണം ഉപയോഗിക്കാം. ഇത്രയും മനസില്‍ കണ്ടാണ് പണം സ്വരുക്കൂട്ടിയത്. തങ്കമ്മാളിനും രംഗമ്മാളിനും ആണ് ഇപ്പോള്‍ കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്.
പത്ത് വര്‍ഷത്തോളം ചെറുകിട ജോലികള്‍ ചെയ്ത് സമ്പാദിച്ചതാണ് പണം. 78-കാരിയാ തങ്കമ്മാളും 75-കാരിയായ രംഗമ്മാളും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. 46,000 രൂപയാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. നോട്ടുകള്‍ നിരോധിച്ച കാര്യമൊന്നും അറിയില്ലായിരുന്നുവെന്നാണ് ഇരുവരും പറയുന്നത്. ഇരുവര്‍ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായപ്പോള്‍ വീട്ടിലെത്തിയ ബന്ധുക്കളോടാണ് ഇത്തരത്തില്‍ പണം സൂക്ഷിച്ച കാര്യം പറയുന്നത്.
തങ്ങളുടെ ചികിത്സക്കും മരിച്ച് കഴിഞ്ഞാല്‍ സംസ്‌കാര ചടങ്ങിനും മറ്റുമായിട്ടാണ് ഈ പണം സൂക്ഷിച്ചിരിക്കുന്നതെന്നും ഇവര്‍ ബന്ധുക്കളോട് പറഞ്ഞു. തങ്കമ്മാള്‍ 22,000 രൂപയും രംഗമ്മാള്‍ 24,000 രൂപയുമാണ് സൂക്ഷിച്ച് വെച്ചിരുന്നത്. ഇനി ഈ പണം എന്ത് ചെയ്യാന്‍ സാധിക്കുമെന്ന ആശയക്കുഴപ്പത്തിലും അങ്കലാപ്പിലുമാണ് ഈ സഹോദരിമാര്‍.
Discussion about this post