മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന തലവന്‍ ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് വൈകീട്ട് 6.40ന് മുംബൈയിലെ ശിവജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞ നടക്കുക.ശിവസേനയുടെ മൂന്നാമത്തെ മുഖ്യമന്ത്രിയും താക്കറെ കുടുംബത്തിലെ ആദ്യ മുഖ്യമന്ത്രിയുമാണ് 59 കാരനായ ഉദ്ധവ്.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍, മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ബിജെപി ഇതര പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ട്.
മൂന്ന് പാര്‍ട്ടിയുടേയും രണ്ട് വീതം മന്ത്രിമാരാണ് ഉദ്ദവിനൊപ്പം സത്യപ്രതിഞ്ജ ചെയ്യുക. മന്ത്രിസഭാ വികസനം ഡിസംബര്‍ മൂന്നിന് നടത്തുമ്പോള്‍ സര്‍ക്കാരിന്റെ ഘടന കൂടുതല്‍ വ്യക്തമാവും.
മന്ത്രിസഭയില്‍ ശിവസേനയ്ക്കും എന്‍സിപിക്കും 15 വീതവും കോണ്‍ഗ്രസിന് 13 മന്ത്രിമാരും ഉണ്ടാകുമെന്നാണ് ധാരണ. ഒരു ഉപമുഖ്യമന്ത്രി മാത്രമേ ഉണ്ടാകൂ. എന്‍സിപിയില്‍ തിരിച്ചെത്തിയ അജിത് പവാറായിരിക്കും ഉപമുഖ്യമന്ത്രി. സ്പീക്കര്‍ പദവി കോണ്‍ഗ്രസിന് നല്‍കാനും മഹാ വികാസ് അഘാടിയുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.