ന്യൂഡൽഹി: ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് സഖ്യവും ഉപേക്ഷിച്ച് തിരിച്ച് പോയതോടെ അജിത് പവാറിനെ അഴിമതിക്കാരനെന്ന് കുറ്റപ്പെടുത്തി ബിജെപി. അജിത് പവാർ അഴിമതിക്കാരനാണെന്നും അദ്ദേഹത്തിന്റെ പിന്തുണ ബിജെപി സ്വീകരിക്കരുതായിരുന്നുവെന്നും മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവായ ഏക്നാഥ് ഖഡ്സെയാണ് അഭിപ്രായപ്പെട്ടത്.
അജിത് പവാറിന്റെ പിന്തുണ ബിജെപി ഒരിക്കലും സ്വീകരിക്കരുതായിരുന്നു. വൻകിട അഴിമതി കേസുകളിൽ പ്രതിയാണ് അദ്ദേഹം. നിരവധി ആരോപണങ്ങൾ നേരിടുന്നുമുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹവുമായി ബിജെപി സഖ്യമുണ്ടാക്കരുതായിരുന്നു എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഖഡ്സെ പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിലായിരുന്നു ഖഡ്സെയുടെ അഭിപ്രായപ്രകടനം.
കഴിഞ്ഞദിവസമാണ് വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പിച്ചതോടെ ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും സ്ഥാനങ്ങൾ രാജിവെച്ചത്. എൻസിപി എംഎൽഎമാരിൽ ചിലരെ അടർത്തിയെടുത്ത് ബിജെപിക്ക് ഒപ്പം പോയ പവാർ ഉപമുഖ്യമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്. ഇതിനിടെ അദ്ദേഹം ഉൾപ്പെട്ട ഒമ്പതോളം അഴിമതി കേസുകളുടെ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
Discussion about this post