ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിന്ന മഹാരാഷ്ട്രയിലെ നാടകത്തിന് തിരശീല വീഴുമ്പോള്‍ തകര്‍ന്നത് ബിജെപിയുടെ അധികാര വടംവലിയാണ്. മഹാരാഷ്ട്രയില്‍ ബദല്‍ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിലും മാറ്റം വരികയാണ്. 71 ശതമാനത്തോളം കാവി പുതച്ച രാജ്യം ഇപ്പോള്‍ 50 ശതമാനത്തിലും താഴെ നില്‍ക്കുകയാണ്.
ബിജെപിക്ക് പങ്കാളിത്തമുള്ള സര്‍ക്കാരുകളുടെ എണ്ണം ഇപ്പോള്‍ 16ആയി ചുരുങ്ങിയിരിക്കുകയാണ്. നരേന്ദ്ര മോഡി 2014-ല്‍ അധികാരത്തില്‍ വന്ന ശേഷം ബിജെപി നിരവധി സംസ്ഥാനങ്ങളില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. ഉത്തര്‍പ്രദേശില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിയതോടെ ബിജെപി രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ഈ വളര്‍ച്ചയാണ് നേര്പകുതിയിലേയ്ക്ക് എത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍ കോണ്‍ഗ്രസ് മൂന്ന് സംസ്ഥാനങ്ങള്‍ പിടിച്ചതോടെയാണ് താമരയുടെ സ്വാധീനം നഷ്ടപ്പെടുവാന്‍ തുടങ്ങിയത്. 2014ല്‍ ബിജെപി കേന്ദ്രത്തിലെത്തുമ്പോള്‍ ഏഴ് സംസ്ഥാനങ്ങളിലായിരുന്നു ബിജെപി ഭരണം. 2018ല്‍ മോഡി തിളക്കത്തിന്റെ ബലത്തില്‍ അത് 21 സംസ്ഥാനങ്ങളായി കുതിച്ച് ഉയരുകയായിരുന്നു. തമിഴ്നാട്, കേരളം, കര്‍ണാടക, മിസോറാം, പഞ്ചാബ്, ഒഡീഷ, പശ്ചിമ ബംഗാള്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളാണ് ബിജെപി ഭരണത്തിന് പിടികൊടുക്കാതെ വഴുതി മാറിയത്. എന്നാല്‍ വര്‍ഷങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നേട്ടമെന്ന് അവകാശപ്പെടുന്ന ബിജെപിക്ക് നഷ്ടക്കണക്കുകള്‍ മാത്രമാണ് ഉള്ളത്.
Discussion about this post