ബംഗളൂരു: ഇന്ത്യയുടെ നൂതന ഭൗമനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 3 വിജയകരമായി വിക്ഷേപിച്ചു. 17 മിനിറ്റ് നാല്പത് സെക്കന്‍ഡില്‍ ഭ്രപണപഥത്തില്‍ എത്തി. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്നാണ് കാര്‍ട്ടോസാറ്റ് വിക്ഷേപിച്ചത്.
ഉയര്‍ന്ന റെസല്യൂഷന്‍ ഇമേജിങ് ശേഷിയുള്ള മൂന്നാം തലമുറയിലെ ഏറ്റവും പുതിയ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് 3. കാര്‍ട്ടോസാറ്റ് 2നേക്കാള്‍ വ്യക്തമായി സ്ഥലങ്ങളുടെ മാപ്പുകള്‍ തയ്യാറാക്കാനും ചിത്രങ്ങള്‍ എടുക്കാനും കാര്‍ട്ടോസാറ്റ് 3ക്ക് സാധിക്കും.
കാലാവസ്ഥ മാപ്പിങ്, ഭൂപടങ്ങളെ സംബന്ധിച്ച പഠനം എന്നിവയ്ക്കും ഈ ഉപഗ്രഹം ഉപയോഗപ്പെടുത്താം. കാര്‍ട്ടോസാറ്റിനൊപ്പം അമേരിക്കയുടെ 13 ചെറു ഉപഗ്രഹങ്ങളും ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കും. ഇരുപത്തിയേഴ് മിനിറ്റിനുള്ളില്‍ പതിനാല് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുന്ന ഐഎസ്ആര്‍ഓയുടെ നിര്‍ണായക വിക്ഷേപണം കൂടിയാണിത്.
വിദൂരസംവേദന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-3ന് 1625 കിലോഗ്രാം ആണ് ഭാരം. കാലാവധി അഞ്ച് വര്‍ഷം. നഗരാസൂത്രണം, ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍ മെച്ചപ്പെട്ട വിവര ശേഖരണമാണ് ഉപഗ്രഹത്തിന്റെ ദൗത്യങ്ങള്‍. 509 കിലോമീറ്റര്‍ ഉയരെനിന്ന് 97.5 ഡിഗ്രി ചെരിവില്‍ ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഭൂമിയെ വലംവെക്കുന്ന ഉപഗ്രഹത്തില്‍ അത്യാധുനിക ക്യാമറ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.