അയോധ്യ കേസില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കേണ്ട; തീരുമാനം അറിയിച്ച് സുന്നി വഖഫ് ബോര്‍ഡ്, അഞ്ചേക്കര്‍ സ്ഥലം വാങ്ങണോ എന്ന കാര്യത്തില്‍ തീരുമാനം പിന്നീട്

അയോധ്യ- ബാബറി തര്‍ക്കത്തില്‍ ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് പ്രധാന കക്ഷിയായിരുന്നു.

ലഖ്നൗ: അയോധ്യ കേസില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കേണ്ടെന്ന തീരുമാനം അറിയിച്ച് സുന്നി വഖഫ് ബോര്‍ഡ്. അതേസമയം പള്ളിക്കായി അയോധ്യയില്‍ ഏറ്റവും അനുയോജ്യമായ അഞ്ചേക്കര്‍ സ്ഥലം കേന്ദ്രസര്‍ക്കാരില്‍ നിന്ന് വാങ്ങണോ എന്ന കാര്യത്തില്‍ തീരുമാനം പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

അയോധ്യ- ബാബറി തര്‍ക്കത്തില്‍ ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് പ്രധാന കക്ഷിയായിരുന്നു. കോടതി വിധി വന്നതിന് പിന്നാലെ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിനെതിരെ സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ മറ്റ് ബോര്‍ഡംഗങ്ങള്‍ ചെയര്‍മാന്റെ നിലപാടിന് വിരുദ്ധമായ പരാമര്‍ശങ്ങളും നടത്തിയിരുന്നു.

വിഷയത്തില്‍ ഇന്നു ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് പുനഃപരിശോധന ഹര്‍ജി നല്‍കേണ്ടതില്ലെന്ന തീരുമാനം എടുത്തത്. അതേസമയം അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

Exit mobile version