മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം തുടരുന്നു. സുപ്രീംകോടതി വിശ്വാസ വോട്ടെടുപ്പ് നാളെ അഞ്ച് മണിക്ക് മുമ്പ് നടത്തണമെന്ന് ഉത്തരവിട്ടതിന് പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാർ രാജിവെച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവ്ന്ദ്ര ഫഡ്നാവിന്റെ രാജിയും ഉടനുണ്ടാകുമെന്നാണ് വിവരം. മൂന്നരയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് ഫഡ്നാവിസ് അറിയിച്ചിട്ടുണ്ട്. രാജി പ്രഖ്യാപനമായിരിക്കും മാധ്യമങ്ങളെ കാണുന്നതിന് പിന്നിലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് നിർണായകമായ തീരുമാനം ഉണ്ടായിരിക്കുന്നത്. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷൻ അമിത് ഷായും കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നാണ് വിവരം.
എൻസിപി-കോൺഗ്രസ്-ശിവസേന സഖ്യത്തിൽ നിന്നും എംഎൽഎമാരെ അടർത്തിയെടുത്ത് മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞ ചെയ്ത ന്യൂനപക്ഷ സർക്കാരിനെ ഭൂരിപക്ഷമാക്കി വിപുലീകരിക്കാൻ ബിജെപി തന്ത്രങ്ങൾ മെനഞ്ഞെങ്കിലും വിജയിച്ചില്ല. എട്ട് സ്വതന്ത്ര എംഎൽഎമാർക്കായി വലവീശിയെങ്കിലും അതും ഫലം കണ്ടില്ല. ഒടുവിൽ എൻസിപിയിൽ നിന്നും അജിത് പവാറിനൊപ്പം എത്തിയ ഏഴ് എംഎൽഎമാരിൽ പലരും കൊഴിഞ്ഞുപോവുക മാത്രമാണ് ഉണ്ടായത്. സുപ്രീംകോടതി വിധിക്ക് പിന്നാലെ ചർച്ച നടത്തിയ ഫഡ്നാവിസും അജിത് പവാറും ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് തിരിച്ചറിയുകയായിരുന്നു.
എൻസിപിയിൽ നിന്നും കൂറ് മാറി ബിജെപിക്ക് ഒപ്പം ചേർന്ന അജിത് പവാറിന് പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നുമുള്ള സമ്മർദ്ദം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് രാജി വാർത്ത പുറത്തുവന്നിരിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്നാവിസിനും അജിത് പവാറിനും വിശ്വാസ വോട്ടെടുപ്പിനെ നേരിടാൻ ആവശ്യമായ പിന്തുണ ഇല്ലെന്ന് ഉറപ്പായതോടെ രാജിയല്ലാതെ മറ്റ് വഴികളില്ലാതെ ആവുകയായിരുന്നു.
Discussion about this post