ബംഗളൂരു: നിർണ്ണായകമായ സമയത്ത് കോൺഗ്രസിനെ കൈയ്യൊഴിഞ്ഞ് ബിജെപിയിലേക്ക് ചേക്കേറിയ കർണാടകയിലെ രാഷ്ട്രീയ നേതാവ് ആനന്ദ് സിങിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ അവസാനിക്കുന്നില്ല. ബിജെപി ടിക്കറ്റിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആനന്ദ് സിങ് മകന്റെ വിവാഹത്തിനായി കൊട്ടാരം നിർമ്മിച്ചാണ് വിവാദത്തിലകപ്പെട്ടിരിക്കുന്നത്.
അത്യാഡംബരത്തിന് ഒരു കുറവുമില്ലാതെ ഹെലിപാഡും നീന്തൽക്കുളവും ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടെ ദ്വാരക എന്ന പേരിലാണ് സ്വർഗ്ഗീയ കൊട്ടാരം പണിതുയർത്തിയിരിക്കുന്നത്. 7 ഏക്കർ സ്ഥലത്താണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഇതിൽ മൂന്നേക്കറോളം വലുപ്പം കൊട്ടാരത്തിനുണ്ട്. ഡിസംബർ 1 നാണ് മകൻ സിദ്ധാർത്ഥിന്റെ വിവാഹം. ദർബാർ ഹാൾ, ആനകളുടെ ശിൽപം തുടങ്ങി രാജകീയ സൗകര്യങ്ങളെല്ലാമുള്ള കൊട്ടാരത്തിന്റെ നിർമ്മാണം വിദഗ്ധ ശിൽപികളാണ് പൂർത്തിയാക്കിയത്. 7 വർഷമെടുത്താണ് പൂർത്തിയാക്കിയതും. അടുത്തമാസം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ ദിവസമാണ് ദ്വാരകയിലെ ഗൃഹപ്രവേശം നടത്തിയത്. എന്നാൽ ചടങ്ങിൽ മാധ്യമപ്രവർത്തകരെ പൂർണ്ണമായും വിലക്കി എംഎൽഎ തന്റെ അത്യാഡംബരം ജനങ്ങളിൽ നിന്നും മറച്ചുവെച്ചു.
ബെള്ളാരിയിലെ ഖനി വ്യവസായിയും മുൻ എംഎൽഎയുമാണ് ആനന്ദ് സിങ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റിലാണ് വിജയനഗരയിൽ നിന്നും വിജയിച്ചത്. പിന്നാലെ ജനാതാ ദൾ-കോൺഗ്രസ് സർക്കാരിനെ വീഴ്ത്താനായി കാലുമാറിയ 17 എംഎൽഎമാരിൽ ഒരാളായി മാറിയതോടെ അയോഗ്യനാക്കപ്പെടുകയും ചെയ്തു.
ആനന്ദ് സിങ് മകന്റെ വിവാഹത്തിനായി മണ്ഡലത്തിലെ 50000 പേർക്കു സിങ് ക്ഷണക്കത്ത് നൽകിയതു വിവാദമാവുകയും ചെയ്തു. വോട്ടർമാരെ സ്വാധീനിച്ച് തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാനുള്ള ശ്രമമാണിതെന്ന് ആരോപിച്ച് ബിജെപി വിമത സ്ഥാനാർത്ഥി കവിരാജ് അർസ്, സാമൂഹിക പ്രവർത്തകൻ ബിഎസ് ഗൗഡ എന്നിവർ തെരഞ്ഞെടുപ്പ് കമ്മീഷണർക്കു പരാതിയും നൽകി.
Discussion about this post