ന്യൂഡൽഹി: ബിജെപിക്ക് വലിയ തിരിച്ചടിയായി മഹാരാഷ്ട്ര വിഷയത്തിൽ സുപ്രീംകോടതിയുടെ നിർണ്ണായക ഉത്തരവ്. മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞ ചെയ്ത ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് നിയമസഭയിൽ നാളെ 5 മണിക്കു മുൻപ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. രഹസ്യബാലറ്റ് പാടില്ലെന്നും തത്സമയം വോട്ടെടുപ്പ് സംപ്രേക്ഷണം ചെയ്യണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
14 ദിവസമാണ് വിശ്വാസവോട്ടിനായി ഗവർണർ അനുവദിച്ചതെന്ന് ഫഡ്നാവിസിന്റെ അഭിഭാഷകൻ മുകുൾ റോഹ്ത്തഗി ഇന്നലെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് കണക്കിലെടുക്കാൻ കൂട്ടാക്കാതിരുന്ന കോടതി നാളെ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താൻ ഉത്തരവിടുകയായിരുന്നു. ജനാധിപത്യത്തിന്റെ വിജയമെന്നാണ് കോടതി വിധിയോട് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പ്രതികരിച്ചത്. മഹാരാഷ്ട്രയിൽ വിജയിക്കാനാകുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്നലെ കോടതിയിൽ ബിജെപി സർക്കാരിനോട് ഉടൻ ഭൂരിപക്ഷം തെളിയിക്കാൻ നിർദേശിക്കണമെന്നാണ് ഹർജിക്കാരായ ശിവസേനയും എൻസിപിയും കോൺഗ്രസും ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം കർണാടകയിലെ സമാനമായ കേസിൽ ബിഎസ് യെദിയൂരപ്പയ്ക്ക് ഗവർണർ വാജുഭായ് വാല 15 ദിവസം അനുവദിച്ചപ്പോൾ, കോടതി അത് ഒരു ദിവസമായി കുറച്ചിരുന്നു. കോടതി നേരത്തെ പലപ്പോഴും സമയം വെട്ടിക്കുറച്ചിട്ടുണ്ടെന്ന് ഇന്നലെ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടുകയും ചെയ്തു. നേരത്തെ ഫഡ്നാവിസിനു ഭൂരിപക്ഷം തെളിയിക്കാൻ ഈ മാസം 30 വരെ സമയം നൽകിയിട്ടുണ്ടെന്ന് ഗവർണറുടെ സെക്രട്ടറിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കിയത്. എന്നാൽ സമയപരിധി പരസ്യമാക്കാൻ ഗവർണറുടെ ഓഫിസ് തയാറായിട്ടുമില്ല.
Discussion about this post