ചെന്നൈ: വിവാഹമോചിതനും രണ്ട് കുട്ടികളുടെ പിതാവുമായ കാമുകന് സഹപ്രവർത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് കാമുകി പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. തമിഴ്നാട് സ്പെഷ്യൽ പോലീസ് കോൺസ്റ്റബിളായ വെങ്കിടേഷിനെയാണ് സഹപ്രവർത്തകയുമായി അവിഹിതമുണ്ടെന്ന സംശയത്തെ തുടർന്ന് കാമുകി ആഷ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ചെന്നൈയിലെ വിൽപുരത്താണ് സംഭവം.
തമിഴ്നാട് സ്പെഷ്യൽ പോലീസ് കോൺസ്റ്റബിളായ വെങ്കിടേഷിനെ പെട്രോളൊഴിച്ച് കത്തിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ച കാമുകി ആഷയെ പോലീസ് അറസ്റ്റ് ചെയ്തു. എൺപത് ശതമാനത്തിലേറെ പൊള്ളലേറ്റ വെങ്കിടേഷ് കിൽപാക് മെഡിക്കൽ കോളേജിൽ ചികിത്സയാണ്.
വിൽപുരം സ്വദേശിയായ ജയ എന്ന സ്ത്രീയെ വെങ്കിടേഷ് 2012ൽ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തിൽ ഇയാൾക്ക് രണ്ട് കുട്ടികളുമുണ്ട്. എന്നാൽ 2015ൽ ആഷയുമായുള്ള അവിഹിത ബന്ധത്തെതുടർന്ന് ജയ ഇയാളിൽ നിന്ന് വിവാഹമോചനം നേടി പോയിരുന്നു. വിവാഹമോചനത്തിന് ശേഷം മകളോടൊപ്പം സത്യമൂർത്തി നഗറിലെ പോലീസ് ക്വാർട്ടേഴ്സിലായിരുന്നു വെങ്കിടേഷ് താമസിച്ചിരുന്നത്. ഇതിനിടെ ഭർത്താവിനെ ഉപേക്ഷിച്ച് ആഷ വെങ്കിടേഷിനൊപ്പം താമസിക്കാനായി പോലീസ് ക്വാർട്ടേഴ്സിലേക്ക് മാസങ്ങൾക്ക് മുമ്പ് എത്തുകയായിരുന്നു.
എന്നാൽ കുറച്ച് നാളുകളായി വെങ്കിടേഷ് മറ്റൊരാളുമായി ദീർഘനേരം ചാറ്റ് ചെയ്യുന്നതും സന്ദേശമയക്കുന്നതും ആഷയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ആഷ നടത്തിയ അന്വേഷണത്തിലാണ് വെങ്കിടേഷിന് സഹപ്രവർത്തകയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുന്നത്. ഇത് വൈരാഗ്യമായതോടെ ഞായറാഴ്ച രാത്രി ഒരു മണിയോടെ ആഷ വെങ്കിടേഷിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പോലീസ് ക്വാർട്ടേഴ്സിനുള്ളിൽ വച്ചാണ് വെങ്കിടേഷിനെ ആഷ ആക്രമിച്ചത്.