മുംബൈ: ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിന് പിന്നാലെ അജിത് പവാറിന് ക്ലീന്‍ ചിറ്റ്. എഴുപതിനായിരം കോടി രൂപയുടെ ജലസേചന അഴിമതിയുമായി ബന്ധപ്പെട്ട ഒന്‍പതു കേസുകളില്‍ അഴിമതി വിരുദ്ധ ബ്യൂറോ അന്വേഷണം അവസാനിപ്പിച്ചു.
ബിജെപിയെ പിന്തുണച്ചതിനുള്ള ഉപകാര സ്മരണയായാണ് കേസുകള്‍ എഴുതി തള്ളിയതെന്ന് ശിവസേനയും കോണ്‍ഗ്രസും ആരോപിച്ചു. എന്നാല്‍ പതിവ് നടപടി മാത്രമാണെന്നാണ് പോലീസ് പറയുന്നത്.
കേസുകള്‍ അജിത് പവാറിനെതിരെയുള്ളതല്ലെന്ന് പോലീസ് പറഞ്ഞു. നവംബര്‍ 28ന് മുന്‍പ് കേസ് അന്വേഷണത്തില്‍ നടപടി വേണമെന്ന ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും അവര്‍ പറയുന്നു.
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളുമായി കേസുകള്‍ എഴുതി തള്ളിയതിന് യാതൊരു ബന്ധവുമില്ലെന്ന് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ പരംവീര്‍ സിംഗ് പറഞ്ഞു. ‘ഈ ഒന്‍പതു കേസുകളിലും അജിത് പവാറിന് പങ്കില്ല. മറ്റുകേസുകളില്‍ അന്വേഷണം നടക്കുകയാണ്. ഈ അഴിമതിയുമായി ബന്ധപ്പെട്ട് 3000ത്തില്‍ അധികം ക്രമക്കേടുകളില്‍ അന്വേഷണം നടക്കുകയാണ്’- അദ്ദേഹം പറഞ്ഞു.
2010 നും 2012നും ഇടയില്‍ കോണ്‍ഗ്രസ്- എന്‍സിപി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാര്‍. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്. 2009ല്‍ ചട്ടവിരുദ്ധമായി 20,000 കോടിയുടെ 38 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയെന്ന കേസിലാണ് അജിത് പവാറിനെതിരെ ആരോപണം ഉയര്‍ന്നത്. 70,000 കോടി രൂപ മേഖലയില്‍ ചെലവഴിച്ചെങ്കിലും 0.1 ശതമാനം വളര്‍ച്ചമാത്രമാണ് ഈ കാലയളവിലുണ്ടായിരുന്നതെന്നാണ് ബിജെപി ആരോപിച്ചത്.
2014ല്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. ജലസേചന അഴിമതി അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
അതേസമയം, സര്‍ക്കാര്‍ രൂപീകരണക്കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കെ മുഴുവന്‍ എംഎല്‍എമാരെയും അണിനിരത്തി ശക്തിപ്രകടനത്തിനൊരുങ്ങുകയാണ് മഹാസഖ്യം.
Discussion about this post