മുംബൈ: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ നായകളോടുള്ള സ്നേഹവും അടുപ്പവും ഏറെ പ്രശസ്തമാണ്. ഉപേക്ഷിക്കപ്പെട്ട നായയെ ദത്തെടുക്കാന്‍ ആഗ്രഹമുള്ളവരെ തേടിയുള്ള രത്തന്‍ ടാറ്റയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറലായിരിക്കുകയാണ്.
‘ഈ നായയെ ദയവായി ആരെങ്കിലും ദത്തെടുക്കൂ. ‘ഒമ്പതു മാസം പ്രായമുള്ള ലാബ്രഡോര്‍ ഇനമായ മിറയുടെ ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത് രത്തന്‍ ടാറ്റ കുറിച്ചു. മിറയ്ക്കായി ഒരു കുടുംബത്തെ കണ്ടെത്താനും അദ്ദേഹം അഭ്യര്‍ഥിക്കുന്നു.
‘കുടുംബങ്ങള്‍ ഉപേക്ഷിക്കുന്ന വളര്‍ത്തുമൃഗങ്ങളെ ഓര്‍ത്ത് എന്റെ ഹൃദയം തകരുന്നു. ഉപേക്ഷിക്കപ്പെട്ടിട്ടും, ഒന്‍പത് മാസം പ്രായമുള്ള മിറ എന്ന നായയുടെ കണ്ണുകളില്‍ നിഷ്‌കളങ്കതയാണ്. അവളെ വളര്‍ത്താന്‍ ഒരു കുടുംബത്തെ കണ്ടെത്താന്‍ നിങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു’ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഞായറാഴ്ചയാണ് രത്തന്‍ ടാറ്റ ഉടമസ്ഥര്‍ ഉപേക്ഷിച്ചു പോയ ഒമ്പത് മാസം പ്രായമുള്ള മിറയുടെ ദയനീയത നിറഞ്ഞ നോട്ടത്തോടുകൂടിയ ഫോട്ടോ പങ്കുവെച്ചത്. മിറയെ സ്വീകരിക്കാന്‍ താല്‍പര്യമുള്ള ആളുകള്‍ക്കായി ഒരു ഫോം പൂരിപ്പിക്കാനുള്ള ലിങ്കും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
മിറയെ കുടുംബത്തോടൊപ്പം സംരക്ഷിക്കണമെന്നും ദത്തെടുത്തതിനുശേഷം പുനരധിവാസ കേന്ദ്രത്തിലോ ഫാം ഹൗസിലോ വിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ശ്രദ്ധ നേടാനായി മിറയെ സ്വീകരിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വളര്‍ത്തുനായ ടിറ്റോയുടെ ജന്മദിനത്തില്‍ അതിനെപ്പറ്റി ഹൃദയംഗമമായ ഒരു കുറിപ്പും രത്തന്‍ ടാറ്റ പങ്കുവച്ചിരുന്നു. 2018ല്‍ ടാറ്റയുടെ ആഗോള ആസ്ഥാനകേന്ദ്രമായ ബോംബെ ഹൗസ് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ അതിന് സമീപത്തായി തെരുവുനായകള്‍ക്കായി ഒരു കേന്ദ്രവും ഒരുക്കിയിരുന്നു.
Discussion about this post