മുംബൈ: പണത്തിന് മീതെ ഈ രാജ്യത്ത് ഒരു ഭരണവും പിറക്കില്ലെന്നാണ് ബിജെപിയുടെ പുതിയ ആത്മവിശ്വാസം. എതിർപാർട്ടിക്കാരായ എംപിമാരേയും എംഎൽഎമാരേയും നേതാക്കളേയും സ്വന്തം പാളയത്തിലെത്തിച്ച് ഭരണം പിടിക്കൽ പതിവാക്കിയ ബിജെപി മഹാരാഷ്ട്രയിലും പതിവ് തെറ്റിച്ചില്ല. അർധരാത്രിവരെ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യത്തെ ഭരണത്തിലെത്തിക്കാൻ ചുക്കാൻ പിടിച്ച അജിത് പവാർ പുലർച്ചെയായപ്പോൾ ബിജെപിക്കൊപ്പം പോയി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയും ചെയ്തു. ഈ ഞെട്ടൽ പെട്ടെന്നൊന്നും ത്രികക്ഷി സഖ്യത്തെ വിട്ടുപോകാനിടയില്ല. ഇതിനിടെ കൂറുമാറ്റം ഭയന്ന് ശിവസേനയും കോൺഗ്രസും എൻസിപിയും തങ്ങളുടെ എംഎൽഎമാരെ റിസോർട്ടുകളിലും ഹോട്ടലുകളിലും ഒളിപ്പിച്ച് കാവലിരിക്കുകയാണ്.
എന്നാൽ ഇവർക്കിടയിൽ നിന്നും വ്യത്യസ്തനായി ഒരു കുതിര കച്ചവടത്തിലും പ്രലോഭനത്തിലും പെടാതെ സ്വതന്ത്രനായി രു എംഎൽഎ ഇപ്പോഴും മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സജീവമായി തന്റെ കടമ നിർവഹിക്കുന്നുണ്ട്. ജനങ്ങൾക്കിടയിലും തന്റെ മണ്ഡലത്തിലും സജീവമായി ഇടപെടുന്ന തിരക്കിലാണ് ഈ എംഎൽഎ. സിപിഎമ്മിന്റെ വിനോദ് നിക്കോളെയാണ് സോഷ്യൽമീഡിയ കൈയ്യടിക്കുന്ന വ്യത്യസ്തനായ ഈ എംഎൽഎ.
പാൽഘർ ജില്ലയിലെ ദഹാനു മണ്ഡലത്തിൽ നിന്നാണ് സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായി വിനോദ് നിക്കോളെ വിജയിച്ച് കയറിയത്. ബിജെപിയുടെ സിറ്റിങ് എംഎൽഎയായ പാസ്‌കൽ ധനാരെയെ 4742 വോട്ടുകൾക്കാണ് ഈ സാധാരണക്കാരുടെ തോഴൻ തോൽപ്പിച്ച് കളഞ്ഞത്. എംഎൽഎയാവുന്നതിന് മുൻപ് വടാ പാവ് വിൽപനക്കാരനായിരുന്നു ഈ നാൽപ്പത്തിയെട്ടുകാരൻ. മഹാരാഷ്ട്രയിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 288 എംഎൽഎമാരിൽ ഏറ്റവും ദരിദ്രനായ ജനപ്രതിനിധിയും വിനോദാണ്. 52,082 രൂപയാണ് വിനോദ് നിക്കോളെയുടെ ആകെയുള്ള സമ്പാദ്യം. സിപിഎം സംസ്ഥാന സെക്രട്ടറി, താനെ ജില്ലാ സെക്രട്ടി, സിഐടിയു, ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം തുടങ്ങിയ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.
റിസോർട്ടിൽ തിന്നും കുടിച്ചും തന്റെ സഹപ്രവർത്തകർ സമയം പാഴാക്കുമ്പോൾ, തന്റെ മണ്ഡലത്തിലെ പ്രശ്‌നങ്ങളിൽ സജീവമായി ഇദ്ദേഹം ഇടപെട്ടുകൊണ്ടിരിക്കുകയാണ്. പോഷകാഹാരക്കുറവും ആരോഗ്യരംഗത്തെ സേവനങ്ങളുടെ അപര്യാപ്തതയുമാണ് തന്റെ മണ്ഡലത്തിലെ ഏറ്റവും അടിയന്തരമായി പരിഹരിക്കേണ്ട വലിയപ്രശ്നമെന്ന് വിനോദ് നിക്കോളെ വിശദമാക്കുന്നു. പാൽഘർ മണ്ഡലം കർഷകരും ആദിവാസി സമൂഹങ്ങളും നിറഞ്ഞ വികസനമെത്താത്ത ഒരിടമാണ്.
ദേശീയ രാഷ്ട്രീയത്തിൽ തന്നെ നിക്കോളെ പരിചിതനാകുന്നത് കർഷക മാർച്ചിന് നേതൃത്വം നൽകിയും ഭാഗഭാക്കായുമായിരുന്നു. മുംബൈയിലെ നാസിക്കിലേക്ക് 40,000 കർഷകർ നടത്തിയ 200 കിലോമീറ്റർ കാൽനടയാത്രയിലെ പങ്കാളിത്തം ആ നേതാവിന്റെ ജനകീയ അടിത്തറ അരക്കിട്ടുറപ്പിക്കുകയായിരുന്നു. കർഷക കുടുംബത്തിൽ നിന്നുള്ള വിനോദ് നിക്കോളെയ്ക്ക് കർഷകരുടെ ഓരോ പ്രശ്‌നങ്ങളിലും കൃത്യമായി ഇടപെടാനാകും. ചെറു പ്രായത്തിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നതും കുടുംബത്തിന്റെ കൃഷി വലിയ രീതിയിൽ നഷ്ടമായതോടെയാണ്. പിന്നീട് വിനോദ് ഒരു വടാ പാവ് വിൽപനക്കാരനാവുകയായിരുന്നു. 2005 മുതൽ സിപിഐഎമ്മിന്റെ സജീവ പ്രവർത്തകനാണ് വിനോദ് നിക്കോളെ. പണത്തിന്റെ പ്രലോഭനങ്ങളോട് മുഖം തിരിക്കുന്ന വിനോദ് നിക്കോളെയ്ക്ക് വലിയ കൈയ്യടിയാണ് സോഷ്യൽമീഡിയ നൽകുന്നത്.