ന്യൂഡൽഹി: ബിജെപി മഹാരാഷ്ട്രയിൽ അർധരാത്രി സർക്കാർ രൂപീകരിച്ചെന്ന് ആരോപിച്ച് പാർലമെന്റിൽ കോൺഗ്രസ് എംപിമാർ കൈയ്യാങ്കളിക്ക് മുതിർന്നതോടെ സഭ നാടകീയരംഗങ്ങൾക്ക് വേദിയായി. മഹാരാഷ്ട്ര വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ലോക്സഭയിലും ഇടതുപാർട്ടികൾ രാജ്യസഭയിലും അടിയന്തരപ്രമേയ നോട്ടിസ് നൽകിയിരുന്നു.
ഇരുസഭകളും ചേർന്നയുടൻ തന്നെ കോൺഗ്രസ് എംപിമാർ പ്ലക്കാർഡുകൾ ഉയർത്തി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച ടിഎൻ പ്രതാപനേയും ഹൈബി ഈഡനേയും ലോക്സഭയിൽ നിന്ന് നീക്കാൻ സ്പീക്കർ ഓം ബിർല മാർഷൽമാർക്ക് നിർദേശം നൽകിയതോടെ വിഷയം കൈയ്യാങ്കളിയിലേക്ക് നീണ്ടു. സ്പീക്കർ ഇരുവരേയും ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു.
പുരുഷ മാർഷൽമാർ വനിതാ അംഗങ്ങളെ കയ്യേറ്റം ചെയ്തതായും ഇതിനിടെ പരാതി ഉയർന്നു. രമ്യ ഹരിദാസിനേയും തമിഴ് നാട്ടിൽ നിന്നുള്ള എംപി ജ്യോതിമണിയേയും കൈയിൽ പിടിച്ചുവലിച്ചെന്നാണ് പരാതി. മാർഷൽമാരുടെ ബലപ്രയോഗത്തിൽ ബെന്നി ബെഹനാന് പരുക്കേറ്റു. രമ്യ ഹരിദാസും ജ്യോതിമണിയും സ്പീക്കർക്ക് പരാതി നൽകി.
വനിത എംപിമാരെ മാർഷൽമാർ കൈയ്യേറ്റം ചെയ്തുവെന്ന് ഹൈബി ഈഡനും മനീഷ് തിവാരിയും ആരോപിച്ചു. ജനാധിപത്യത്തെ കശാപ്പു ചെയ്തുവെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ലോക്സഭയിൽ കുറ്റപ്പെടുത്തി. പ്രതിഷേധം ശക്തമായതോടെ ഇരുസഭകളും 2മണിവരെ നിർത്തിവച്ചിരുന്നു.
Discussion about this post