മുംബൈ: റെഡ്മി നോട്ട് 7എസിന് തീപിടിച്ച സംഭവത്തില്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയും ഫോണ്‍ ഉപയോക്താവും തമ്മില്‍ വാക്ക് പോര്. മുംബൈ സ്വദേശിയായ ഈശ്വര്‍ ചവാന്റെ ഫോണാണ് തീ പിടിച്ച് കത്തി നശിച്ചത്.
ഫോണിന്റെ നിര്‍മ്മാണത്തിലെ കുഴപ്പം മൂലമാണ് അപകടമുണ്ടായതെന്ന് ഉടമ ആവര്‍ത്തിച്ച് പറയുമ്പോള്‍, ശരിയായ രീതിയില്‍ ഫോണ്‍ ഉപയോഗിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് ഷവോമിയും വ്യക്തമാക്കുന്നു.
ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ഒക്ടോബറിലാണ് ചവാന് റെഡ്മി നോട്ട് 7എസ് വാങ്ങിയതെന്നും നവംബര്‍ രണ്ട് വരെ ഫോണിന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നുമാണ് ഇശ്വര് ചവാന് കുറിപ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍ അന്നേ ദിവസം ഫോണില്‍ നിന്നും കത്തുന്നതു പോലുള്ള മണം വന്നപ്പോള്‍ ഫോണ്‍ വേഗം മേശപ്പുറത്തേക്ക് വെക്കുകയായിരുന്നുവെന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോഴല്ല ഇത് സംഭവിച്ചതെന്നും ചവാന് പറയുന്നു. തന്റെ ഫോണ്‍ നിലത്തു വീണിട്ടില്ലെന്നും ചവാന് വ്യക്തമാക്കുന്നു.
നല്ല രീതിയില്‍ കത്തിയതിനാല്‍ സിം കാര്‍ഡ് പോലും എടുക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഷവോമിയുടെ താനെയിലെ ഔദ്യോഗിക സ്റ്റോറുമായി ഈശ്വര്‍ ചവാന് ബന്ധപ്പെട്ടു. അഞ്ച് ദിവസമെടുത്ത് ഫോണ്‍ പരിശോധിച്ചശേഷം ബാറ്ററിക്കെന്തോ കുഴപ്പം പറ്റിയതാണെന്നാണ് ഷവോമി അറിയിച്ചത്. ഇതോടെയാണ് ചവാന് തന്റെ അനുഭവം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
സംഭവം വിവാദമായതോടെ ഷവോമി ഔദ്യോഗികമായി വിശദീകരണ കുറിപ്പ് പുറത്തിറക്കി. നിര്‍മ്മാണത്തിന്റെ പലഘട്ടങ്ങളില്‍ ആവശ്യമായ സുരക്ഷാ പരിശോധനക്കു ശേഷമാണ് ഓരോ ഫോണും പുറത്തിറക്കുന്നതെന്നും ഈ പ്രത്യേക സംഭവത്തിന് പിന്നില്‍ ഉപഭോക്താവിന്റെ ഭാഗത്തു നിന്നുള്ള പിഴവാണെന്നും കമ്പനി വ്യക്തമാക്കി.