ഇപ്പോഴും എൻസിപിയിൽ തന്നെ; ശരദ് പവാറാണ് തന്റെ നേതാവ്; അടുത്ത അഞ്ച് വർഷവും ബിജെപി-എൻസിപി സഖ്യം തന്നെ ഭരിക്കുമെന്നും അജിത് പവാർ

മുംബൈ: ഇപ്പോഴും താൻ എൻസിപിയിൽ തന്നെയാണ് ഉള്ളതെന്ന അവകാശവാദവുമായി ബിജെപിക്ക് ഒപ്പം ചേർന്ന ശരദ് പവാറിന്റെ സഹോദര പുത്രൻ അജിത് പവാർ. ശരദ് പവാർ തന്നെയാണ് തന്റെ നേതാവെന്നും അദ്ദേഹം ട്വിറ്ററിലൂടെ വിശദീകരിച്ചു. കഴിഞ്ഞദിവസം അപ്രതീക്ഷിതമായി ബിജെപിക്കും ദേവേന്ദ്ര ഫഡ്‌നാവിസിനും ഒപ്പം ചേർന്ന അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയും ചെയ്തിരുന്നു. ഇതേതുടർന്ന് മഹാരാഷ്ട്രയിൽ നാടകീയ നീക്കങ്ങൾ നടക്കുന്നതിനിടെയാണ് അജിത് പവാറിന്റെ പുതിയ ട്വീറ്റ്.

ബിജെപി സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ അജിത് പവാറിനെ എൻസിപി നിയമസഭാകക്ഷി നേതൃസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ബിജെപിയുമായി കൈകോർത്ത അജിത് പവാറിന്റെ നടപടി പാർട്ടി നിലപാടിന് വിരുദ്ധമാണെന്നും അദ്ദേഹത്തോടൊപ്പം നിൽക്കുന്ന എൻസിപി എംഎൽഎമാർ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടി നേരിടേണ്ടി വരുമെന്നും ശരദ് പവാർ വ്യക്തമാക്കിയിരുന്നു.

എന്നാൽ, മഹാരാഷ്ട്രയിൽ അടുത്ത അഞ്ചു വർഷം സുസ്ഥിര സർക്കാരുണ്ടാക്കി ബിജെപി-എൻസിപി സഖ്യം ഭരിക്കുമെന്നും ഈ സഖ്യത്തിന് അതിന് കഴിയുമെന്നും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കാൻ സാധിക്കുമെന്നും അജിത് പവാർ അവകാശപ്പെട്ടു.

സർക്കാർ രൂപീകരിച്ചതിന് പിന്നാലെ അഭിനന്ദനങ്ങൾ ട്വീറ്റ് ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി അറിയിക്കാനും അജിത് പവാർ മറന്നില്ല. മഹാരാഷ്ട്രയിൽ സ്ഥിരതയുള്ള സർക്കാർ ഉറപ്പാക്കുമെന്നും സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുമെന്നും അജിത് മറുപടി ട്വീറ്റിൽ വ്യക്തമാക്കി.

Exit mobile version