ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ രൂപീകരിച്ചതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിച്ച് പ്രതിപക്ഷം. ഭരണം പിൻവാതിലിലൂടെയാണ് ബിജെപി നേടിയതെന്ന് ആരോപിച്ച് പ്രതിപക്ഷവും എതിർത്ത് ഭരണപക്ഷവും സുപ്രീംകോടതിയെ സമീപിച്ചക്കുകയായിരുന്നു. ഇതോടെ സുപ്രീംകോടതിയിൽ ഇരുപക്ഷത്തിനുമായി ഇറങ്ങുന്ന പ്രമുഖ അഭിഭാഷകരുടെ ഏറ്റുമുട്ടലിന് കൂടിയാണ് കളമൊരുങ്ങുന്നത്. ബിജെപിക്കും പ്രതിപക്ഷ കക്ഷികൾക്കും വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്നത് രാജ്യത്തെ പ്രമുഖരായ അഭിഭാഷകരാണെന്നാണ് സൂചന.
മഹാരാഷ്ട്രയിൽ ഭൂരിപക്ഷം തെളിയിക്കാതെ സർക്കാരുണ്ടാക്കാൻ ബിജെപിക്ക് ഗവർണർ അനുമതി നൽകിയത് ചോദ്യം ചെയ്തുകൊണ്ട് എൻസിപിയും ശിവസേനയും കോൺഗ്രസും അടങ്ങുന്ന പ്രതിപക്ഷ കക്ഷികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജി ഇന്ന് പതിനൊന്നരയ്ക്ക് കോടതി പരിഗണിക്കും. പ്രതിപക്ഷ സംഖ്യത്തിന് വേണ്ടി കപിൽ സിബലും അഭിഷേക് മനു സിങ്വിയും ഹാജരാകും. ഇവർക്ക് പുറമെ സൽമാൻ ഖുർഷിദ്, വിവേക് തങ്ക എന്നിവരെ ഹാജരാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
അതേസമയം, എതിർ കക്ഷിയായ കേന്ദ്രസർക്കാറിനു വേണ്ടി അറ്റോർണി ജനറൽ കെകെ വേണുഗോപാലാണ് ഹാജരാകുന്നത്. 2018ൽ കർണാടക സർക്കാർ രൂപവത്കരണം കോടതിയിലെത്തിയപ്പോഴും കേന്ദ്ര സർക്കാരിനുവേണ്ടി കെകെ വേണുഗോപാലാണ് ഹാജരായത്.
മഹാരാഷ്ട്ര ഗവർണറുടെ ഓഫീസിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത്തയാണ് കോടതിയിൽ ഹാജരാകുക. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനുവേണ്ടി മുകുൾ റോഹ്ത്തകി ഹാജരാകുമെന്നാണ് റിപ്പോർട്ടുകൾ. ഹരീഷ് സാൽവെയെ ഹാജരാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കോടതി അവധി ദിവസമായതിനാൽ 11 മണിയോടെ മാത്രമെ അഭിഭാഷകർ ആരൊക്കെയാണെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകൂ.
Discussion about this post