ഭോപ്പാല്‍: എല്ലാ മാസവും അക്കൗണ്ടില്‍ കൃത്യമായി പണം വരുന്നത് കണ്ട യുവാവ് ധരിച്ചത് മോഡിയുടെ വാക്കുകള്‍ സത്യമായി എന്നതാണ്. എന്നാല്‍ സത്യാവസ്ഥ അറിഞ്ഞതോടെ യുവാവിന് നിരാശയാണ് ഉണ്ടായത്. മധ്യപ്രദേശിലെ ഭിന്ദ് സ്വദേശി ഹുക്ക് സിങിനാണ് അമളി സംഭവിച്ചത്.
കള്ളപ്പണം പിടിച്ചെടുത്ത് എല്ലാ പൗരന്മാരുടെയും അക്കൗണ്ടുകളിലെത്തിക്കുമെന്നായിരുന്നു മോഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഈ വാക്കാണ് പാലിക്കപ്പെട്ടതെന്നാണ് ഹുക്ക് ധരിച്ചത്. എന്നാല്‍ സംഭവിച്ചത് അതായിരുന്നില്ല. മധ്യപ്രദേശിലെ അലംപൂര്‍ എസ്ബിഐ ശാഖയിലാണ് ഹുക്കിന് അക്കൗണ്ട് ഉണ്ടായിരുന്നത്. ശാഖ മാനേജര്‍ ആയ രാജേഷ് സൊങ്കര്‍ രണ്ടു ഉപഭോക്താക്കള്‍ക്ക് ഒരേ അക്കൗണ്ട് നമ്പര്‍ നല്‍കിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം.
റൂറൈ ഗ്രാമത്തിലെ ഹുക്കും സിങ്ങിനും റോണി ഗ്രാമത്തിലെ ഹുക്കും സിങ്ങിനും ഒരേ അക്കൗണ്ട് നമ്പറാണ് ബാങ്ക് നല്‍കിയത്. രണ്ടുപേര്‍ക്കും ഒരേ അക്കൗണ്ട്. റൂറൈ ഗ്രാമത്തില്‍ നിന്നുള്ള ഹുക്കും ജോലിക്കായി ഹരിയാനയിലെത്തുകയും സമ്പാദ്യമെല്ലാം എസ്ബിഐ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. ഈ പണമെല്ലാം ചെന്നെത്തിയത് റോണി ഗ്രാമത്തിലുള്ള ഹുക്കിന്റെ അക്കൗണ്ടിലായിരുന്നു. തന്റെ അക്കൗണ്ടില്‍ വന്ന പണത്തിന് പിന്നില്‍ മോഡിയാണെന്നുറപ്പിച്ച ഹുക്കും പണം പിന്‍വലിച്ചുകൊണ്ടിരുന്നു.
ആറ് മാസത്തില്‍ നല്ലൊരു തുക തന്നെ ഹുക്ക് പിന്‍വലിച്ചിരുന്നു. ”എന്റെ കൈയ്യില്‍ പണമില്ലായിരുന്നു. പണത്തിന് ഒരുപാട് ആവശ്യമുണ്ടായിരുന്നു. മോഡിജിയാണ് പണം തരുന്നത് എന്ന് കരുതിയാണ് അത് പിന്‍വലിച്ചത്”- ഹുക്ക് പറയുന്നു. ഹരിയാനയില്‍ ജോലിക്ക് പോയ ഹുക്കും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചത്ര പണമില്ലെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വിവരം പുറത്തറിയാതിരിക്കാന്‍ ബാങ്ക് അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഹുക്കും പറയുന്നു. സംഭവത്തില്‍ അബദ്ധം പറ്റിയതായി എസ്ബിഐ ശാഖ സമ്മതിച്ചു.
Discussion about this post