കാണ്‍പൂര്‍: മകള്‍ വിവാഹ പന്തലില്‍ നില്‍ക്കവെ മകന് അപകടത്തില്‍ മരിച്ച വിവരം അറിയിക്കാതെ മകളുടെ വിവാഹം നടത്തി പിതാവ്. ശേഷം വിവാഹ ചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെ സംഭവം പിതാവ് മറ്റുള്ളവരെ അറിയിച്ചു. 18കാരനായ ഹിമാന്‍ഷു യാദവ് ആണ് സഹോദരിയുടെ വിവാഹം ദിവസം മരണപ്പെട്ടത്.
ഉത്തര്‍പദേശിലെ കാണ്‍പൂരിലെ കരിയഝല ഗ്രാമത്തിലാണ് കണ്ണുനനയിപ്പിക്കുന്ന സംഭവമുണ്ടായത്. വിവാഹം ദിവസം രാവിലെ തന്നെ കുറച്ച് സാധനങ്ങള്‍ വാങ്ങിക്കാന്‍ പുറത്ത് പോയതായിരുന്നു വധുവിന്റെ സഹോദരന്. ഇതിനിടെയാണ് അമിത വേഗതയിലെത്തിയ ട്രക്കുമായി കൂട്ടിയിടിച്ചത്. അപകട സ്ഥലത്ത് വെച്ച് തന്നെ ഹിമാന്‍ഷു മരണപ്പെട്ടിരുന്നു. പരിസരവാസികളാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്.
മകന്റെ മരണ വിവരം നാട്ടുകാരാണ് പിതാവ് രാം നരേഷിനെ അറിയിച്ചത്. ഈ സമയം വിവാഹപ്പന്തലില്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു മകള്‍ അഞ്ജു. മരണ വിവരം മറച്ചുവെച്ച പിതാവ് ചടങ്ങുകള്‍ക്ക് ശേഷം വിവരം അറിയിച്ചയുടനെ കുഴഞ്ഞുവീണു. മകളുടെ വിവാഹം മുടങ്ങാന്‍ ആഗ്രമില്ലാത്തതിനാലാണ് മകന്റെ മരണ വിവരം മറച്ചുവെച്ചതെന്ന് പിന്നീട് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post