ശ്രീനഗര്‍: ജമ്മു കാശ്മീര്‍ താഴ്വരയില് വീണ്ടും പ്രതിഷേധം കനക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മുകാശ്മീരിലെ സ്ഥിതിഗതികള്‍ എല്ലാം സാധാരണ ഗഹതിയിലാണെന്ന് വ്യഴാഴ്ച്ച പാര്‍ലമെന്റില്‍ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് പ്രതിഷേധവും കടയടപ്പും ഉണ്ടായത്.
ശ്രീനഗറിലെ പ്രധാന മാര്‍ക്കറ്റുകളായ പോളോ വ്യൂ, ലാല്‍ ചൗക്ക്, ഹരി സിങ് ഹൈ സ്ട്രീറ്റ്, ബോരി കടാല്, മഹാരാജ് ഗുഞ്ച്, കാരാ നഗര്‍, ഹവാല്‍ എന്നിവിടങ്ങളിലാണ് കടകള്‍ പൂട്ടി പ്രതിഷേധിക്കുന്നത്.
കാശ്മീരില്‍ എല്ലാം നോര്‍മലായാണ് നടക്കുന്നതെന്ന അമിത്ഷായുടെ പാര്മെന്റിലുള്ള വാദവും തെറ്റാണെന്നാണ് ബോരി കടാല് വ്യാപാരി അസോസിയേഷന് അംഗം പറയുന്നത്.
സംഭവം തങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും 24 മണിക്കൂറിനുള്ളില്‍ നിരവധി അക്രമങ്ങളും പ്രതിഷേധങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ിലവില്‍ പോലീസിന്റെ പരിധിയിലാണ് കാര്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഒരു കൂട്ടം യുവാക്കളാണ് വ്യാപാരികളെക്കൊണ്ട് കടയടിപ്പിക്കുന്നതെന്നും എന്നാല്‍ അവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. കടയടപ്പ് മൂലം ശ്രീനഗറിലെ റോഡുകളില്‍ സ്വകാര്യ വാഹനങ്ങള്‍ കൂടിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ചില സ്കൂളുകളില്‍ പ്രതിഷേധത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.