ന്യൂഡല്‍ഹി: ആയുര്‍വേദ ഡോക്ടറെ കൊലപ്പെടുത്തി പണവും ആഭരണങ്ങളും കവര്‍ന്ന കേസില്‍ മുഴുവന്‍ പ്രതികളെയും പോലീസ് പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം ഒമ്പതുപേരെയാണ് ഡല്‍ഹി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. വിനോദയാത്രയ്ക്ക് പണം കണ്ടെത്താനായാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.
നവംബര്‍ 12നാണ് ആയുര്‍വേദ ഡോക്ടറായ ഇഖ്ബാല്‍ കാസിമിനെ ജഹാംഗിര്‍പുരിയിലെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഡോക്ടറുടെ വീട്ടില്‍നിന്ന് പണവും പതിനൊന്ന് ലക്ഷം രൂപയുടെ ആഭരണങ്ങളും മോഷണം പോയതായും കണ്ടെത്തി. ഇതോടെ മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് ഉറപ്പിച്ചു. എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നില്ല.
പിന്നീട് അന്വേഷണസംഘം വിപുലീകരിക്കുകയും തിരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്തതോടെ പ്രതികളെക്കുറിച്ചുള്ള ഏകദേശചിത്രം ലഭിച്ചു. സംശയത്തെ തുടര്‍ന്ന് പ്രതികളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. കസ്റ്റഡിയിലെടുത്ത യുവാവ് സംഭവിച്ചതെല്ലാം വിശദീകരിക്കുകയും മറ്റുപ്രതികളെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തതോടെ കാര്യങ്ങള്‍ എളുപ്പമായി. തുടര്‍ന്ന് മുഴുവന്‍ പ്രതികളെയും പോലീസ് പിടികൂടുകയായിരുന്നു.
കൊല്ലപ്പെട്ട ഡോക്ടറുടെ സമീപവാസികളായ പ്രതികള്‍ വിനോദയാത്രയ്ക്ക് പണം കണ്ടെത്താനായാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ഇഖ്ബാല്‍ കാസിമിന്റെ അധ്യാപികയായ മകള്‍ സ്‌കൂളിലേക്ക് പോയാല്‍ അദ്ദേഹം വീട്ടില്‍ ഒറ്റയ്ക്കാണെന്ന് പ്രതികള്‍ മനസിലാക്കിയിരുന്നു. അതിനാല്‍ ഈ സമയത്ത് കവര്‍ച്ചയും കൊലപാതകവും നടത്താമെന്ന് തീരുമാനിച്ചു. സംഭവദിവസം ഡോക്ടറുടെ വീട്ടില്‍ നിരീക്ഷണം നടത്തിയ പ്രതികള്‍ മകള്‍ സ്‌കൂളിലേക്ക് പോയതോടെ വീടിനകത്തേക്ക് പ്രവേശിച്ചു. തുടര്‍ന്ന് സംഘത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയും സ്വര്‍ണവും പണവും കവരുകയും ചെയ്തു. സംഭവത്തിനുശേഷം വിനോദയാത്ര പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ഒമ്പതുപേരും പോലീസിന്റെ പിടിയിലായത്. കവര്‍ച്ച ചെയ്ത പണവും ആഭരണങ്ങളും പ്രതികളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.