ചെന്നൈ: ദുരൂഹസാഹചര്യത്തിൽ മദ്രാസ് ഐഐടി ഹോസ്റ്റൽ മുറിയിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇനി ആഭ്യന്തര അന്വേഷണമില്ലെന്ന് ഐഐടി അധികൃതർ. ഫാത്തിമയുടെമരണത്തിൽ പ്രതിഷേധിച്ച് സമരം നടത്തിയിരുന്ന ഒരുപറ്റം വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിലാണ് ഐഐടി ഡയറക്ടർ ഇക്കാര്യം അറിയിച്ചത്. പോലീസ് അന്വേഷണം നടക്കുന്നതിനാൽ മറ്റൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് ഐഐടി കൈക്കൊണ്ട നിലപാട്. നവംബർ ഒമ്പതിനാണ് ഫാത്തിമ ലത്തീഫ് എന്ന കൊല്ലം സ്വദേശിനിയായ ഹ്യുമാമിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പ് വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ ഐഐടി ഹോസ്റ്റൽ മുറിയിൽ നിന്നും കണ്ടെത്തിയത്.
ഐഐടി ആഭ്യന്തര അന്വേഷണത്തിൽ നിന്നും പിന്മാറിയതോടെ സമരം വീണ്ടും ആരംഭിക്കാനുള്ള നീക്കത്തിലാണ് വിദ്യാർത്ഥികൾ. പോലീസ് അന്വേഷണം നടക്കുകയാണെന്നും അതിനാൽ ആഭ്യന്തര അന്വേഷണം ആവശ്യമില്ലെന്നുമാണ് അധികൃതർ നിലപാടെടുത്തത്. നിലവിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.
ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥി കൂട്ടായ്മയായ ചിന്ത ബാർ ഐഐടിയിൽ റിലേ നിരാഹാര സമരം ആരംഭിച്ചിരുന്നു. ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്നും ആഭ്യന്തര അന്വേഷണ സമിതി രൂപവത്കരിക്കുന്നത് പരിഗണിക്കാമെന്നും അധികൃതർ അറിയിച്ചതോടെയാണ് ഇവർ സമരം നിർത്തിയത്. എന്നാൽ, ആഭ്യന്തര അന്വേഷണ സമിതി രൂപീകരിക്കുമെന്ന വാഗ്ദാനത്തിൽ നിന്ന് ഐഐടി പിന്മാറിയതോടെ സമരം വീണ്ടും തുടങ്ങാനുള്ള നീക്കത്തിലാണ് വിദ്യാർത്ഥികൾ.
Discussion about this post