ന്യൂഡൽഹി: ആർട്ടിക്കിൾ 370എ റദ്ദാക്കി കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ കാശ്മീരിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. കേന്ദ്രസർക്കാർ കേസ് ഗൗരവമായല്ല കാണുന്നതെന്ന് ജസ്റ്റിസ് എൻവി രമണ കുറ്റപ്പെടുത്തി. കടുത്ത നിയന്ത്രണങ്ങൾ കാശ്മീരിലെ ജനതയ്ക്ക് മേൽ അടിച്ചേൽപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പരമോന്നത കോടതിയുടെ പരാമർശങ്ങൾ.
കേസിലെ കക്ഷികൾക്ക് ജമ്മുകശ്മീരിലെ സാഹചര്യങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് എന്തുകൊണ്ട് നൽകിയില്ലെന്ന് കോടതി ചോദിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത്തയോടായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. കേസുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ കാശ്മീരിന്റെ ഭരണം കൈയ്യാളുന്നവർ ബാധ്യസ്ഥരാണെന്നും കോടതി പറഞ്ഞു.
അതേസമയം, ജമ്മുകശ്മീരിലെ കരുതൽ തടങ്കൽ കേസുകളൊന്നും പരിഗണിക്കില്ലെന്നും ജസ്റ്റിസ് രമണ വ്യക്തമാക്കി. കേസിലെ കക്ഷികൾ വളരെ വിശദമായാണ് വാദങ്ങൾ നടത്തിയത്. അതിന് കേന്ദ്രം നൽകിയ മറുപടി തൃപ്തികരമല്ലെന്നും കേസിൽ കേന്ദ്രം ഗൗരവം കാട്ടുന്നില്ല എന്ന തോന്നൽ ഉണ്ടാക്കരുതെന്നും കോടതി ചൂണ്ടിക്കാണിച്ചു.
കാശ്മീരിന്റെ അവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ട് കൈയ്യിലുണ്ടെന്നും എന്നാൽ ഇപ്പോൾ സമർപ്പിക്കുന്നില്ലെന്നും ആയിരുന്നു സോളിസിറ്റർ ജനറലിന്റെ മറുപടി. ഓരോ ദിവസവും കാശ്മീരിലെ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്നും വൈകാതെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും മേഹ്ത്ത കോടതിയെ അറിയിച്ചു.
Discussion about this post